വധശിക്ഷ വിധിച്ചത് അറിയാതെ, പ്രാര്‍ത്ഥനയില്‍ മുഴുകി യാക്കൂബ് മേമന്‍

Webdunia
വെള്ളി, 22 മാര്‍ച്ച് 2013 (12:44 IST)
PRO
PRO
1993 മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. കേസില്‍ മറ്റ് 10 പത്ത് പേര്‍ക്കുള്ള വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയപ്പോള്‍ മേമന് മാത്രമാണ് തൂക്കുകയര്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിവരം ഇയാള്‍ ഇതുവരെ അറിഞ്ഞിട്ടില്ല.

നാഗ്പൂര്‍ സെന്‍‌ട്രല്‍ ജയിലിലെ പ്രത്യേക സെല്ലില്‍ ആണ് മേമനെ പാര്‍പ്പിച്ചിരിക്കുന്നത്. വിധിയുടെ കോപ്പി ലഭിച്ചതിന് ശേഷം മാത്രമേ വധശിക്ഷ ശരിവച്ച കാര്യം മേമനെ അറിയിക്കുകയുള്ളൂ എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പൂനെ യേര്‍വാഡ ജയിലില്‍ ആയിരുന്ന ഇയാളെ ജയില്‍ അധികൃതരുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് 2007ല്‍ നാഗ്പൂരിലേക്ക് മാറ്റുകയായിരുന്നു.

മേമന്‍ ജയിലില്‍ ആരുമായും അധികം ഇടപഴകില്ല, സംസാരിക്കില്ല. ദിവസം അഞ്ച് നേരം പ്രാര്‍ത്ഥിക്കും. ഖുറാന്‍ വായിക്കും. 1994ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഭാര്യയ്ക്കൊപ്പമാണ് മേമന്‍ അറസ്റ്റിലായത്. ടാഡ ആക്ടിലെ വകുപ്പുകളും ഐപിസിയിലെ വകുപ്പുകളും പ്രകാരമായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സ്‌ഫോടനത്തിന് വേണ്ട ചെലവിനായുള്ള തുകയും കൊണ്ടു വരികയും വിതരണം ചെയ്തുവെന്നുമാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റായിരുന്ന യാക്കൂബിന്റെ പേരിലുള്ള കുറ്റം. സ്ഫോടനം നടത്തിയവര്‍ക്ക് യാത്രാ സൌകര്യം ഏര്‍പ്പെടുത്തിയത് യാക്കൂബ് ആണെന്നും കീഴ്ക്കോടതി കണ്ടെത്തിയിരുന്നു.

ടാഡ കോടതി വധശിക്ഷ വിധിച്ച വേളയില്‍ മെമന്‍ കോടതിയില്‍ പൊട്ടിത്തെറിച്ചു. “ഞങ്ങള്‍ക്ക് നീതി കിട്ടില്ല, നിങ്ങള്‍ ഞങ്ങളെ ഭീകരര്‍ എന്ന് മുദ്രകുത്തുകയാണ്“- മേമന്‍ പറഞ്ഞു.

മുംബൈ സ്ഫോടനങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് കരുതപ്പെടുന്നത് ഇനിയും പിടിയിലാകാത്ത ടൈഗര്‍ മേമന്‍, ദാവൂദ് ഇബഹിം എന്നിവരാണ്. ടൈഗര്‍ മേമന്റെ സഹോദരന്‍ ആണ് യാക്കൂബ് മേമന്‍.

തന്റെ ജീവിതം ‘ദീവാര്‍‘ എന്ന ചിത്രത്തിലെ ശക്തി കപൂറിന്റെ കഥാപാത്രം പോലെയാണെന്ന് യാക്കൂബ് മേമന്‍ ഒരിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.