ലോകായുക്ത നിയമനം: മോഡി സുപ്രീംകോടതിയില്‍

Webdunia
വ്യാഴം, 19 ജനുവരി 2012 (12:40 IST)
ഗുജറാത്ത് ലോകായുക്തയായി റിട്ട. ജസ്റ്റിസ് ആര്‍ എ മേത്തയുടെ നിയമനം ശരിവെച്ച ഡല്‍ഹി ഹൈക്കൊടതി നടപടിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ചട്ടങ്ങള്‍ ലംഘിച്ചുള്ള ലോകായുക്ത നിയമനം റദ്ദാക്കണമെന്നാണ് നരേന്ദ്രമോഡി സര്‍ക്കാറിന്റെ ആവശ്യം.

മേത്തയെ ഗുജറാത്ത് ലോകായുക്തയായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് നരേന്ദ്ര മോഡി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ ലോകായുക്തയെ നിയമിച്ച ഗവര്‍ണര്‍ കമലാ ബെനിവാളിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഡി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഏഴു വര്‍ഷമായി ഗുജറാത്തില്‍ ലോകായുക്തയെ നിയമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗവര്‍ണര്‍ ലോകായുക്തയെ നിയമിച്ചത്. ഗവര്‍ണര്‍ കമല ബെന്‍വാള്‍ ഭരണഘടനാവിരുദ്ധമായാണ് നിയമനം നടത്തിയെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചത്.