ലോകകപ്പ് ലക്‍ഷ്യമിട്ട് ഭീകരസംഘടനകള്‍

Webdunia
ബുധന്‍, 9 മാര്‍ച്ച് 2011 (19:22 IST)
PRO
ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളെ ഭീകരസംഘടനകള്‍ ഉന്നം വച്ചിരിക്കുന്നതായി ഇന്റലിജന്‍സ് വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കാണ് ഭീഷണിയുള്ളത്. അല്‍ - ക്വൊയ്ദ, ലഷ്കര്‍ - ഇ - തൊയ്ബ എന്നീ ഭീകരസംഘടനകളാണ് അക്രമം നടത്താന്‍ പദ്ധതിയിടുന്നത്.

മുംബൈ ഭീകരാക്രമണം പോലൊന്നാണ് ഭീകരര്‍ ആസൂത്രണം ചെയ്യുന്നതെന്ന് ഇന്റലിജന്‍സ് വിഭാഗം കരുതുന്നു. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഡിയങ്ങളില്‍ കാണികളുടെ ദേഹപരിശോധനയടക്കമുള്ള കര്‍ശന സുരക്ഷ പാലിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

അബു ജന്‍ഡാല്‍ എന്ന ലഷ്കര്‍ ഭീകരന്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതി ഒരുക്കിയിരിക്കുന്നതായി ശനിയാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. രാസായുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ജന്‍ഡാല്‍ ജീവ ഹാനിവരുത്തുന്ന രാസപദാര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള ബോംബുകള്‍ പൊട്ടിക്കാനാവും ശ്രമിക്കുക എന്നായിരുന്നു വിലയിരുത്തല്‍.