ലൈംഗിക ബന്ധം: പ്രായപരിധി പാര്‍ലമെന്റ് തീരുമാനിക്കും!
തിങ്കള്‍, 18 മാര്‍ച്ച് 2013 (17:17 IST)
PRO
PRO
ബലാത്സംഗ വിരുദ്ധ ബില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പാര്‍ലമെന്റ് തീരുമാനിക്കട്ടെയെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി. ഇതിനിടെ പ്രായം 18 ആയി നിലനിര്‍ത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ച ജസ്റ്റീസ് വര്‍മ കമ്മീഷന്റെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന്റെ കാലാവധി വെള്ളിയാഴ്ച്ചയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭേദഗതി ബില്‍ വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന്റെ ഭാഗമായാണ് സമവായ സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. നിയമ ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു കേന്ദ്രമന്ത്രി സഭാ യോഗം ബില്ലിന് അംഗീകാരം നല്‍കിയത്.
ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് യുപിഎ സര്‍ക്കാരിനെ പുറത്ത് നിന്നും പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയും ബിഎസ്പിയും ബില്ലിലെ ചില വ്യവസ്ഥകളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ക്ക് സമ്മദത്തോടെയുള്ള ലൈംഗിക വേഴ്ച്ചക്കുള്ള പ്രായം 18ല്‍ നിന്ന് 16 വയസ് ആക്കി കുറച്ചതാണ് ബിജെപി അടക്കമുള്ള പാര്‍ട്ടികളുടെ വിയോജിപ്പിന് കാരണം. ലൈംഗിക പീഢനം എന്ന വാക്കിന് പകരം ബലാത്സംഗം എന്ന വാക്കായിരിക്കും പുതിയ നിയമത്തില്‍ ഉപയോഗിക്കുക.
പീഢനത്തില്‍നിന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള നിയമത്തില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ കൊല്ലപ്പെടുകയാണെങ്കില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള പുതിയ വ്യവസ്ഥയും ബില്ലിലുണ്ട്.