ലാലുവിന്റെ സൌജന്യ യാത്ര മമത വെട്ടിക്കുറച്ചു!

Webdunia
ബുധന്‍, 20 ജനുവരി 2010 (09:44 IST)
PTI
ഒന്നാം യുപി‌എ സര്‍ക്കാരിലെ റയില്‍‌വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് മുന്‍ റയില്‍‌വെ മന്ത്രിമാര്‍ക്കായുള്ള ആജീവനാന്ത സൌജന്യ യാത്രാ പാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് മമത ബാനര്‍ജി വെട്ടിക്കുറച്ചു. പുതിയ തീരുമാനമനുസരിച്ച് ഇനിമുതല്‍ മുന്‍ റയില്‍‌വെ മന്ത്രിമാര്‍ക്ക് രണ്ട് എസി ഫസ്റ്റ് ക്ലാസ് പാസ് മാത്രമേ നല്‍കുകയുള്ളൂ.

മൂന്ന് സഹയാത്രികര്‍ക്കും ഒരു സഹായിക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് യാത്രചെയ്യാനുള്ള ആജീവനാന്ത സൌജന്യ പാസ് നല്‍കാമെന്ന ഭേദഗതിയായിരുന്നു ലാലു നടത്തിയത്. ഇതില്‍, മുന്‍ മന്ത്രിയുള്‍പ്പെടെ നാല് പേര്‍ക്ക് എസി ഫസ്റ്റ് ക്ലാസ് പാസും ഒരു സഹായിക്ക് എസി സെക്കന്‍ഡ് ക്ലാസ് പാസും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് സൌജന്യ യാത്ര നടത്താന്‍ സാധിക്കുമായിരുന്നു.

ലാലുപ്രസാദ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു മുന്‍ മന്ത്രിമാര്‍ക്കുള്ള യാത്രാ പാസുകളുടെ എണ്ണം അഞ്ചായി വര്‍ദ്ധിപ്പിച്ചത്.