ലഷ്‌കര്‍ ഇതൊയ്ബ തീവ്രവാദി പിടിയില്‍

Webdunia
വെള്ളി, 13 ഡിസം‌ബര്‍ 2013 (09:34 IST)
PRO
ഡല്‍ഹിയില്‍ ആക്രമണം നടത്താനായി എത്തിയ ലഷ്‌കര്‍ ഇതൊയ്ബ സംഘാംഗത്തെ പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്തു. ലഷ്‌കര്‍ ഇതൊയ്ബ കമാന്‍ഡര്‍ ജാവേദ് ബലൂചിയുമായി ഷഹീദ് നടത്തിയ ടെലിഫോണ്‍ സന്ദേശങ്ങളും പൊലീസ് ചോര്‍ത്തുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.

മീവത്തിലെ ഒരു പള്ളി ഇമാം ആയ മുഹമ്മദ് ഷഹീദാണ് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്നും ആക്രമണപദ്ധതിയുടെ രൂപരേഖയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന ലഷ്‌കര്‍ ഇ തൊയ്ബ സംഘമാണ് ഡല്‍ഹിയില്‍ ആക്രമണം നടത്തായി പദ്ധതി തയ്യാറാക്കിയത്.

പാകിസ്ഥാനില്‍ രണ്ടുതവണ സന്ദര്‍ശനം നടത്തിയിട്ടുള്ള മുഹമ്മദ് ഷഹീദ് ഏതാനും ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ സഹായികളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.