റാഗിംഗിനെ തുടര്‍ന്ന് രണ്ടാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. നവി മുംബൈയിലെ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ പടല്‍കര്‍(19) ആത്മഹത്യാ കുറിപ്പില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ഥികളുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്.
മാസങ്ങളായി സീനിയര്‍ വിദ്യാര്‍ഥികള്‍ തുടരുന്ന പീഢനം സഹിക്കാനാകാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് നിതിന്‍ പടല്‍കര്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുള്ളത്. കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം.
നവി മുംബൈയിലെ രാംറാവു അഥിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായിരുന്നു നിതിന്‍. കൂട്ടുകാരെ കാണാനെന്ന് പറഞ്ഞ് വൈകീട്ട് ആറുമണിക്കാണ് നിതിന്‍ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി 08.50 ഓടെ നിതിന്റെ മരണവാര്‍ത്തയാണ് വീട്ടുകാരെ തേടിയെത്തിയത്.
സാഹചര്യ തെളിവുകളുടേയും പ്രാഥമിക അന്വേഷണത്തിന്റേയും അടിസ്ഥാനത്തില്‍ നിതിന്റെ മരണം റാഗിംഗ് മൂലമാണെന്ന് പോലീസ് അറിയിച്ചു. നിതിന്റെ കോളേജിലെ വിദ്യാര്‍ഥികളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.