ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റയില്‍വെ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് രാജസ്ഥാനില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി. സംഭവുമായി ബന്ധപ്പെട്ട് 105 പേര്‍ പിടിയിലായിട്ടുണ്ട്. ഞായറാഴ്ച പരീക്ഷ നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് പരീക്ഷ മാറ്റിവച്ചതായുള്ള പ്രഖ്യാപനം വന്നത്.
അറസ്റ്റിലായവരില്‍ 84 പേര്‍ ഉദ്യോഗാര്‍ത്ഥികളും 11 പേര്‍ ഏജന്‍റുമാരുമാണെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രത്യേക ദൌത്യ സേനയും രാജസ്ഥാനിലെ പ്രത്യേക ഓപ്പറേഷന്‍ വിഭാഗവും ചേര്‍ന്നാണ് അറസ്റ്റ് നടത്തിയത്.
എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന സന്തോഷ് സിംഗ് എന്നയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
രാജസ്ഥാനിലെ അഞ്ച് ജില്ലകളില്‍ നടത്താനിരുന്ന പരീക്ഷയില്‍ ഉദ്ദേശം 76,000 പേര്‍ അപേക്ഷ നല്‍കിയിരുന്നു. അജ്മീര്‍ സോണിലേക്ക് 131 അസിസ്റ്റന്‍റ് സ്റ്റേഷന്മാസ്റ്റര്‍മാരെ തെരഞ്ഞെടുക്കാന്‍ വേണ്ടിയായിരുന്നു പരീക്ഷ.
ചോര്‍ന്ന ചോദ്യപേപ്പറുകളുടെ പകര്‍പ്പ് റയില്‍വെ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡിന് പൊലീസ് അയച്ചുകൊടുക്കുകയായിരുന്നു. പരിശോധനയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന് വ്യക്തമായതോടെയാണ് പരീക്ഷ മാറ്റിയത്. എന്നാല്‍, പുതുക്കിയ തീയതി നിശ്ചയിച്ചിട്ടില്ല.