റയില്‍‌വെയ്ക്ക് 90,000 കോടി നീക്കിയിരുപ്പ്

വെള്ളി, 13 ഫെബ്രുവരി 2009 (13:21 IST)
PTI
റയില്‍‌വെ മന്ത്രി ലാലുപ്രസാദ് യാദവ് തന്‍റെ ആറാം റയില്‍‌വെ ബഡ്ജറ്റ് പാര്‍ലമെന്‍റില്‍ വെള്ളിയാഴ്ച അവതരിപ്പിച്ചു. സാധാരണക്കാരെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാത്ത ബഡ്ജറ്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞ് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ ദേശീയ വികസനത്തിന് സംഭാവനകള്‍ നല്‍കാന്‍ റയില്‍‌വെയ്ക്ക് കഴിഞ്ഞു എന്ന് ലാലു പ്രസാദ് അവകാശപ്പെട്ടു.

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടുന്ന കാലം അതി വിദൂരത്തിലല്ല എന്ന് സൂചന നല്‍കിയ ലാലു അതിന്‍റെ സാധ്യതാ പഠനം നടന്നുവരികയാണെന്ന് വ്യക്തമാക്കി.

എറണാകുളം-ഹൌറ, കൊല്‍ക്കത്ത-ഹല്‍ദിയ, ഡല്‍ഹി-പട്ന, ചെന്നൈ-ബാംഗ്ലൂര്‍, ഹൈദരാബാദ്-വിജയവാഡ-ചെന്നൈ, ഡല്‍ഹി-അമൃത്സര്‍-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനുള്ള സാധ്യതാ പഠനം നടന്നു വരികയാണെന്ന് ലാലുപ്രസാദ് റയില്‍‌വെ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.

ഇപ്പോള്‍ പാവപ്പെട്ടവര്‍ക്കായി ഓടിക്കുന്ന ഇരുപതോളം ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ ഉണ്ട്. ഇവയുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കും.

റയില്‍‌വെയ്ക്ക് 90,000 കോടി രൂപയുടെ നീക്കിയിരിപ്പുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 70,000 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. പതിനൊന്നാം പദ്ധതിക്കായി 2,30,000 കോടി രൂപ നിക്ഷേപിക്കും.

റയില്‍‌വെയുടെ ചരക്ക് നീക്ക ശേഷി 78 ശതമാനം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഈ മേഖലയില്‍ 8% വീതം വളര്‍ച്ച നേടാനായി.

റയില്‍‌വെ അപകട നിരക്ക് 2004 ല്‍ 325 ആയിരുന്നത് 2008 ആയപ്പോഴേക്കും 184
എന്ന നിലയിലേക്ക് കുറയ്ക്കാനായി. ജനങ്ങളുടെ ആ‍വശ്യം നിറവേറ്റാനായുള്ള ശ്രമം വിജയം കണ്ടു. റയില്‍‌വെ അന്വേഷണങ്ങള്‍ക്കായി നാല് കോള്‍സെന്‍ററുകള്‍ തുറന്നു.

വെബ്ദുനിയ വായിക്കുക