രാഹുല്‍ ഗാന്ധി പെരുമാറാന്‍ പഠിക്കണം: സിദ്ധു

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2010 (18:27 IST)
ആര്‍‌എസ്‌എസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് ബിജെപി എം‌പിയും മുന്‍ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ ചുട്ട മറുപടി. രാഹുല്‍ ഗാന്ധി നല്ല പെരുമാറ്റം പഠിക്കണം എന്നാണ് സിദ്ധു പ്രതികരിച്ചത്.

സ്കൂള്‍ തലം മുതലാണ് നാം നല്ല പെരുമാറ്റം പഠിക്കുന്നത്. അതിനാല്‍, രാഹുലിനെ തിരികെ സ്കൂളില്‍ വിടണം, സിദ്ധു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തില്‍ എത്തിയപ്പോഴാണ് സിദ്ധു രാഹുലിനു നേര്‍ക്ക് ആഞ്ഞടിച്ചത്. നരേന്ദ്രമോഡി സര്‍ക്കാര്‍ സംസ്ഥാനത്ത് സമാധാനവും വികസനവും നല്‍കി എന്നും സിദ്ധു അഭിപ്രായപ്പെട്ടു.

ബുധനാഴ്ച ഭോപ്പാലില്‍ വച്ചാണ് രാഹുല്‍ ഗാന്ധി ആര്‍‌എസ്‌എസിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് എത്തിയത്. നിരോധിത സംഘടനയായ സിമിയും ആര്‍‌എസ്‌എസും തമ്മില്‍ വലിയ അന്തരമില്ല എന്നും രണ്ട് സംഘടനകളും മതമൌലികവാദം വച്ച് പുലര്‍ത്തുന്നു എന്നും അഭിപ്രായപ്പെട്ടതാണ് വിവാദമായത്.