രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൌരത്വമുണ്ടോ? ഈ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം എവിടെനിന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയവും മൌനം പാലിക്കുകയാണ്. ഇതോടെ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ നീക്കങ്ങള്‍ക്ക് കളമൊരുക്കുകയാണ് പ്രതിപക്ഷം.
ഇന്ത്യന്‍ നിയമപ്രകാരം ഇരട്ടപൌരത്വം വലിയ പ്രശ്നമാണ്. ഇരട്ട പൌരത്വമുള്ള ഒരാള്‍ക്ക് എം പി സ്ഥാനത്തിരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, ഇരട്ട പൌരത്വമുണ്ടെന്ന് ബോധ്യമായാല്‍ രാഹുലിന് എം പി സ്ഥാനം നഷ്ടമാകും.
താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി തന്നെ സാക്‍ഷ്യപ്പെടുത്തിയതായി ബി ജെ പി നേതാവ് സുബ്രഹ്മണ്യംസ്വാമിയാണ് ആരോപണം ഉന്നയിച്ചത്. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്‌സ് എന്ന കമ്പനിയുടെ വാര്‍ഷിക റിട്ടേണിലാണ് രാഹുല്‍ ഗാന്ധിയുടെ സാക്‍ഷ്യമുള്ളത് എന്നായിരുന്നു സ്വാമിയുടെ ആരോപണം.
ഇതുസംബന്ധിച്ച പരാതി എല്‍ കെ അദ്വാനി അധ്യക്ഷനായ ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തിയിട്ടുണ്ട്. ഉടന്‍ തന്നെ സുബ്രഹ്മണ്യംസ്വാമി എത്തിക്സ് കമ്മിറ്റിക്ക് മൊഴി നല്‍കുമെന്നാണ് അറിയുന്നത്.