രാമസേതു:സത്യവാങ്ങ് മൂലം സമര്‍പ്പിച്ചു

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (19:11 IST)
രാമസേതു വിഷയത്തെക്കുറിച്ച് പുതിയ സത്യവാങ്ങ് മൂലം കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്‌ച സമര്‍പ്പിച്ചു. 60 പേജുള്ള സത്യവാങ്ങ് മൂലത്തിന് മന്ത്രിസഭയുടെ രാഷ്‌ട്രീയ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള സമിതി അംഗീകാരം നല്‍കിയിരുന്നു.

സത്യവാങ്ങ് മൂലത്തില്‍ രാമായണത്തെക്കുറിച്ചൊ, രാമനെക്കുറിച്ചൊ പരാമര്‍ശങ്ങളില്ലെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ 2007 ലെ സെപ്റ്റംബറില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ രാമന്‍ ജീവിച്ചിരുന്നുവെന്നതിന് തെളിവില്ലെന്ന് പറഞ്ഞതും രാമസേതു മനുഷ്യനിര്‍മ്മിതമാണെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയതും വിവാദമായിരുന്നു. ഇതിനെതിരെ സംഘപരിവാര്‍ രംഗത്ത് വന്നതിനെത്തുടര്‍ന്ന് സുപ്രീം കോടതി 2007 സെപ്റ്റംബര്‍ 14 ന് പുതിയ സത്യവാങ്ങ് മൂലം സമര്‍പ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു.

രാമസേതുവിന് കേടുപാട് പറ്റാത്ത വിധം സേതുസമുദ്രം പദ്ധതിയ്ക്ക് ആവശ്യമായ പദ്ധതികള്‍ നടത്താമെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കി. ഇതിനെത്തുടര്‍ന്ന് 2007 ഓഗസ്റ്റ് 31 ന് ‘രാമസേതു‘വിന് കേടുപാട് പറ്റാത്ത വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2087 കോടി രൂപ പദ്ധതി ചെലവുള്ള സേതുസമുദ്രം പദ്ധതിയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.