രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഗഡ്കരി

Webdunia
വ്യാഴം, 18 ഫെബ്രുവരി 2010 (16:16 IST)
PTI
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്ന ലക്‍ഷ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്‍‌മാറിയിട്ടില്ല എന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. വ്യാഴാഴ്ച പാര്‍ട്ടിയുടെ ദേശീയ കൌണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതാക്കള്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഗഡ്കരി അവതരിപ്പിച്ചത്. മന്ത്രിമാര്‍ വികസന പദ്ധതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അംഗങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് സമ്പ്രദായം നടപ്പാക്കും എന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. വികസന പദ്ധതികളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പേരെടുത്ത് പരാമര്‍ശിക്കാനും ഗഡ്കരി മറന്നില്ല.

സാധാരണ പ്രവര്‍ത്തകരല്ല നേതാക്കളാണ് പാര്‍ട്ടിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് ഗഡ്കരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി നേതാക്കള്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണോ പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമാണോ പ്രാധാന്യം നല്‍കേണ്ടത് എന്ന് തീരുമാനിക്കണമെന്നും ഗഡ്കരി പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിന്റെ ആദ്യദിവസം പറഞ്ഞിരുന്നു.

ദേശീയ കൌണ്‍സില്‍ യോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തിനെതിരെ പേര് എടുത്തുപറയാതെ ആക്രമണം നടത്താനും ഗഡ്കരി തുനിഞ്ഞു. തന്റെ പിതാവ് പ്രധാനമന്ത്രിയായിരുന്നില്ല. അമ്മൂമ്മയും അമ്മൂമ്മയുടെ പിതാവും പ്രധാനമന്ത്രിമാരായിരുന്നില്ല. താന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ഇന്ന് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ്. ഇത് ബിജെപിയില്‍ മാത്രമേ സംഭവിക്കാറുള്ളൂ. ബിജെപിയില്‍ കുടുംബവാഴ്ച ഇല്ല എന്നും ഗഡ്കരി നെഹ്രു-ഗാന്ധി കുടുംബത്തിന്റെ പേരെടുത്തു പറയാതെ വിമര്‍ശിച്ചു.