രാജ്‌നാഥ് സിംഗ് വീണ്ടും ബിജെപി അധ്യക്ഷന്‍

Webdunia
ബുധന്‍, 23 ജനുവരി 2013 (13:37 IST)
PTI
PTI
രാജ്‌നാഥ് സിംഗിനെ ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. ബുധനാഴ്ച രാവിലെ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ഐകകണ്‌ഠേനയാണ് തീരുമാനം ഉണ്ടായത്. രണ്ടാം തവണയാണ് രാജ്‌നാഥ് സിംഗ് പാര്‍ട്ടി ദേശീയ അധ്യക്ഷനാകുന്നത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയാണ് അദ്ദേഹം.

ഇതോടെ 2014 ലോകസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ഉത്തരവാദിത്വം രാജ്നാഥ് സിംഗിന്റെ ചുമലില്‍ വന്നിരിക്കുകയാണ്. നിതിന്‍ ഗഡ്കരിക്കെതിരായ ആരോപണങ്ങള്‍ അനാവശ്യമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. അത് വേദനയുണ്ടാക്കുന്നതാണ്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഗഡ്കരിയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയാരോപണങ്ങള്‍ ശക്തമായതോടെയാണ് ബി ജെ പി അധ്യക്ഷ സ്ഥാനം നിതിന്‍ ഗഡ്കരി രാജിവച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു രാജി. മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമവായത്തിലൂടെ രാജ്നാഥ് സിംഗ് അധ്യക്ഷനാകുന്നത്. നിതിന്‍ ഗഡ്കരി തന്നെയാണ് രാജ്നാഥിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ആദ്യം എല്‍ കെ അദ്വാനിക്ക് രാജ്നാഥിന്‍റെ പേര് അംഗീകരിക്കാന്‍ വൈമനസ്യമുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

നിതിന്‍ ഗഡ്കരിക്ക് ബന്ധമുള്ള കമ്പനിയില്‍ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഗഡ്കരിയുടെ കസേര ഇളകിത്തുടങ്ങിയത്. എന്നാല്‍ അധ്യക്ഷപദവിയില്‍ ഗഡ്കരിക്ക് വീണ്ടും അവസരം നല്‍കണമെന്ന് ആര്‍ എസ് എസ് പിടിവാശി പിടിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായി. രാംജത് മലാനിയും മകനും പരസ്യമായി പടയ്ക്കിറങ്ങി. ബുധനാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗഡ്കരിയോട് ഏറ്റുമുട്ടാന്‍ യശ്വന്ത് സിന്‍‌ഹ പത്രിക വാങ്ങി.ഈ സാഹചര്യത്തില്‍ ഗഡ്കരിക്കുള്ള പിന്തുണയില്‍ നിന്ന് ആര്‍ എസ് എസ് പിന്നാക്കം പോയി. അതോടെ രക്ഷയില്ലാതായ നിതിന്‍ ഗഡ്കരി രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.

അഴിമതിയാരോപണം നേരിടുന്നയാള്‍ അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നാല്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാര്‍ട്ടിക്കുള്ളില്‍ പ്രമുഖര്‍ക്കെല്ലാം അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ആര്‍ എസ് എസിന്‍റെ പിടിവാശിക്ക് മുന്നില്‍ അവരെല്ലാം അടങ്ങുകയായിരുന്നു. ഒടുവില്‍ ഗഡ്കരിക്ക് പടിയിറങ്ങേണ്ടിവരുമ്പോള്‍ വിമതശബ്ദമുയര്‍ത്തിയവരെല്ലാം നിശബ്ദമായി ആഹ്ലാദിക്കുകയാണ്.