തെലങ്കാന ബില്ലിനെ ചൊല്ലി രാജ്യസഭയില്‍ കയ്യാങ്കളി. റിപ്പോര്‍ട്ട് കീറിയെറിയാന്‍ ശ്രമിച്ച സീമാന്ധ്ര എംപിമാര്‍ രാജ്യസഭ സെക്രട്ടറി ജനറലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തി. ബില്‍ രാജ്യസഭയില്‍ പരിഗണിക്കുന്നതിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
സ്റ്റാഫിനെ ആക്രമിക്കാനുള്ള നീക്കം നിര്‍ഭാഗ്യകരമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു. നാടകീയ സംഭവങ്ങളെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ബില്ലില്‍ ഭേദഗതികള്‍ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ബില്‍ ചൊവ്വാഴ്ചയാണ് ലോക്സഭ പാസ്സാക്കിയത്. ആന്ധ്ര വിഭജനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി വിടുകയും ചെയ്തു. കിരണ്‍ കുമാര്‍ റെഡ്ഡിയെ പിന്തുണയ്ക്കുന്ന 50ഓളം എംഎല്‍എമാരും രാജിവയ്ക്കുമെന്നാണ് വിവരം.