രാജ്യത്തിനു ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കികൊണ്ട് ബി എസ് എൻ എൽ

Webdunia
തിങ്കള്‍, 29 ഫെബ്രുവരി 2016 (11:37 IST)
ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് ഇനിമുതൽ കേബിള്‍ ടിവിയിലൂടെ   രാജ്യത്താകമാനം വിതരണം ചെയ്യുവാൻ ബി എസ് എൻ എൽ തീരുമാനിച്ചു.സ്വകാര്യ കേബിൾ  ടി വി ലൈനുകൾവഴി വിതരണം ചെയ്യുന്ന ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് സേവനം കേരളത്തിൽ തുടക്കം കുറിക്കുവാനാണ് തീരുമാനം.
 
കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങി.രാജ്യത്തെ പല കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരും കോടികളുടെ ആസ്തികളുള്ള സ്ഥാപനങ്ങളാണ്.ദുർഘടം പിടിച്ച പല സ്ഥലങ്ങളിലും കേബിൾ ടിവി സേവനം എത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും ഉദ്ദ്യോഗസ്ഥർ അറിയിച്ചു.
 
രാജ്യത്താകമാനം ബി എസ് എന്‍ എല്ലിന് 12 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. ഇതില്‍ ഏതാനും ലക്ഷം വരിക്കാര്‍ക്കേ ഇപ്പോള്‍ ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നുള്ളു. എന്നാൽ കേബിൾ ടിവി ലൈനിലൂടെ ബ്രോഡ്ബാന്‍ഡ് സേവനം നൽകുമ്പോൾ എളുപ്പത്തിൽ കൂടുതൽ ജനങ്ങളിലേക്ക് അതിവേഗം എത്തിക്കാൻ സാധിക്കുന്നു.
 
നിലവില്‍ ബി എസ് എന്‍ എല്‍ വരിക്കാര്‍ക്ക് നേരിട്ട് ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് സേവനം നൽകുന്നുണ്ട്. ഇത് മൊത്തം വരിക്കാരുടെ വളരെ ചെറിയ ശതമാനമേ വരൂ. അതും കുറഞ്ഞവേഗത്തിൽ.ഈ സാഹചര്യത്തിലാണ് ബ്രോഡ്ബാന്‍ഡ് സേവനം രാജ്യത്താകമാനം ലഭ്യമാക്കുവാൻ ബി എസ് എന്‍ എല്‍ തീരുമാനിച്ചത്.
 
മാസവരിസംഖ്യയുള്‍പ്പെടെ ഉപഭോക്താക്കളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ബി എസ് എന്‍ എല്‍ നേരിട്ടായിരിക്കും നടത്തുക.മോഡം നൽകുന്നതുള്‍പ്പടെ അടിസ്ഥാനസൗകര്യങ്ങളും  മറ്റ് സേവനങ്ങളും അതത് കേബിള്‍ ടി വി കമ്പനികള്‍ ഒരുക്കണം.വരുമാനത്തിന്റെ 35 ശതമാനം കേബിള്‍ ടി വി ക്കാര്‍ക്കും 65 ശതമാനം ബി എസ് എന്‍ എല്ലിനും എന്നുമാണ് കരാര്‍. ഇന്റര്‍നെറ്റിലെ തടസ്സങ്ങള്‍ നിശ്ചിതസമയത്തിനകം കേബിള്‍ ടി വി കമ്പനികള്‍ പരിഹരിക്കണം. 90 ശതമാനം പരാതികൾ മൂന്നുമണിക്കുറിനുള്ളിലും 99 ശതമാനം പരാതികള്‍ എട്ടു മണിക്കൂറിനുള്ളിലും പരിഹരിക്കണം.അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നുമാണ് കരാറിലുള്ളത്.
 
പ്രത്യേകതകൾ നിറഞ്ഞ ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് സേവനം ടി വി, കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവയിലേക്ക് കേബിള്‍ ടി വി വഴി ലഭ്യമാകും. ഇതിനുപുറമെ പ്രത്യേക ഫോണും ഇതിനോട് ഘടിപ്പിക്കാം.ഈ ഫോണിന് പ്രത്യേക കോള്‍ചാര്‍ജ് കൊടുക്കേണ്ടിവരും.ഇത്തരം ഫോണുകളില്‍ നിലവില്‍ ബി എസ് എൻ എല്ലിൽ നിന്നും ലഭിക്കുന്ന രാത്രികാല സൗജന്യവും ലഭിക്കുന്നു.
 
മൊബൈല്‍ ഫോണുകള്‍ വ്യാപകമായതോടെ പലരും ബി എസ് എന്‍ എല്‍ ലാന്‍ഡ് ലൈനുകള്‍ ഉപേക്ഷിച്ചിട്ടുണ്ട്.നിലവിൽ ബ്രോഡ്‌ബാന്റ് സേവനം ലഭിക്കണമെങ്കില്‍ ലാന്‍ഡ് ലൈന്‍ നിര്‍ബന്ധമായതുകൊണ്ടാണ് പലരും ലാന്‍ഡ് ലൈന്‍ ഉപയോഗിക്കുന്നത്.എന്നാൽ  ലാന്‍ഡ് ലൈൻ ഇല്ലാതെ ബ്രോഡ്‌ബാന്റിന്റേയും ടെലിഫോണിന്റെയും സൗകര്യം നൽകാൻ കഴിയുന്നത് ബി എസ് എന്‍ എല്ലിന് വന്‍ നേട്ടമുണ്ടാക്കും. ചില സ്വകാര്യകമ്പനികള്‍ നിലവിൽ കേബിള്‍വഴി ഇന്റര്‍നെറ്റ് സംവിധാനം നല്കുന്നുണ്ട്.