രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കി

Webdunia
ചൊവ്വ, 18 ഫെബ്രുവരി 2014 (10:42 IST)
PRO
PRO
രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി.
പ്രതികളായ മുരുകന്‍, ശാന്തന്‍,പേരറിവാളന്‍ എന്നിവര്‍ നല്‍കിയ പുനപരിശോധന ഹര്‍ജി പരിഗണിച്ച കോടതി ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസം നേരിട്ട സാഹചര്യത്തില്‍ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

ദയാഹര്‍ജി തീര്‍പ്പാക്കുന്നത് അനന്തമായി നീണ്ടുപോയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ച് ജനുവരി 21ന് വിധിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ കേസില്‍ ദയാഹര്‍ജി പരിഗണിക്കുന്നതിന് 11 വര്‍ഷത്തെ കാലതാമസമുണ്ടായി. ഇത് പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ വധശിക്ഷയില്‍ ഇളവ് നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. പ്രതികള്‍ നടത്തിയത് ഹീനകൃത്യമാണ്. ഇളവ് അര്‍ഹിക്കുന്നില്ലെന്നും ജയിലില്‍ എല്ലാ മാനുഷിക പരിഗണനയും നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ എജി കോടതിയില്‍ ബോധിപ്പിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.