രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വാദം പൂര്‍ത്തിയായി

Webdunia
വെള്ളി, 31 ജനുവരി 2014 (10:11 IST)
PRO
ദയാഹര്‍ജിയില്‍ തീര്‍പ്പ് വൈകിയതിനാല്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകനും പേരറിവാളനും ശാന്തന്റെയും വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവ ആശ്യപ്പെട്ട ഹര്‍ജിയിലെ വാദം പൂര്‍ത്തിയായി.

വധശിക്ഷയ്‌ക്കെതിരെ 2000-ല്‍ സമര്‍പ്പിച്ച ദയാഹര്‍ജിയിന്മേല്‍ അഞ്ച് വര്‍ഷവും ഒരു മാസവും 12 ദിവസവും ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തില്ലെന്ന് മുരുകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംജേഠ്മലാനി വ്യക്തമാക്കി. തുടര്‍ന്ന് അഞ്ചു കൊല്ലവും എട്ടുമാസവും എടുത്താണ് രാഷ്ട്രപതി തീര്‍പ്പാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദയാഹര്‍ജി തള്ളിയ വിവരം മൂന്നു മാസത്തിനു ശേഷമാണ് മുരുകനെ അറിയിക്കുന്നത്. കേസില്‍ മുരുകന്‍ 22 വര്‍ഷത്തിലധികമായി ജയിലിലാണ്. ഇതില്‍ 16 വര്‍ഷവും വധശിക്ഷ ലഭിച്ചതിന് ശേഷമാണ്. ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി 'ടാഡ' പ്രകാരം വധശിക്ഷ ലഭിച്ചവര്‍ക്ക് ആനുകൂല്യം നല്‍കിയ ഈ മാസം 21-ലെ വിധി ജേഠ്മലാനി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ശാന്തനും മുരുകനും ദയാഹര്‍ജി സമര്‍പ്പിച്ചതിന് ശേഷം മറ്റു നാലു പേര്‍ നല്‍കിയ ദയാഹര്‍ജികള്‍ രാഷ്ട്രപതി അതിവേഗം തീര്‍പ്പാക്കിയെന്നും ഇവരുടെ അപേക്ഷയിലെ തീര്‍പ്പ് നീണ്ടു പോയെന്നും ഇരുവര്‍ക്കും വേണ്ടി ഹാജരായ യുഗ് മോഹിത്ചൗധരി കുറ്റപ്പെടുത്തി. സ്‌ഫോടനം നടക്കുമ്പോള്‍ ശാന്തനും മുരുകനും സിനിമകാണുകയായിരുന്നെന്നും അഭിഭാഷകന്‍ വാദിച്ചു. മൂന്നു പേരുടെയും വാദം പൂര്‍ത്തിയായി. സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി ചൊവ്വാഴ്ച വാദമുന്നയിക്കും.

ഈ നാല് ദയാഹര്‍ജികളിലും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചെന്ന് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചും നിരീക്ഷിച്ചു. ശിക്ഷ കാത്ത് വര്‍ഷങ്ങള്‍ ഏകാന്ത തടവില്‍ കിടന്നവരുടെ ജീവിക്കാനുള്ള അവകാശം പരിശോധിച്ചായിരിക്കും കേസ് തീര്‍പ്പാക്കുകയെന്നും കോടതി പറഞ്ഞു.

അതേസമയം, ദയാ ഹര്‍ജിയിലെ തീര്‍പ്പ് വൈകിയാല്‍ വധശിക്ഷയില്‍ ഇളവു നല്‍കാമെന്ന ജനുവരി 21-ലെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് വേഗത്തിലാക്കും. 15 പേരുടെ ശിക്ഷയില്‍ ഇളവു നല്‍കിയ വിധിയില്‍ 'ടാഡ'യും ഇന്ത്യന്‍ ശിക്ഷാ നിയമവും തമ്മില്‍ വ്യത്യാസമില്ലാതെ തന്നെ ദയാ ഹര്‍ജിയിലെ തീര്‍പ്പ് വൈകിയാല്‍ വധശിക്ഷയില്‍ ഇളവ് നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ക്രിമിനല്‍ക്കേസുകളിലെ പ്രതികള്‍ക്ക് ഇളവ് നല്‍കിയാലും തീവ്രവാദ കേസുകളിലെ പ്രതികള്‍ക്ക് ഇളവ് നല്‍കരുതെന്നാണ് ആവശ്യപ്പെടുക. പുനഃപരിശോധനാ ഹര്‍ജി ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.