രമേശ് നിയന്ത്രണം പാലിക്കണമെന്ന് സിംഗ്

Webdunia
തിങ്കള്‍, 10 മെയ് 2010 (15:51 IST)
PTI
കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശ് ആഭ്യന്തര മന്ത്രാലയത്തിന്റെ ചൈന നയത്തെ വിമര്‍ശിച്ചതിനെതിരെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പ്രതികരിച്ചു. രമേശ് മറ്റ് മന്ത്രാലയങ്ങളെ കുറിച്ച് അഭിപ്രായപ്രകടനം നടത്തുമ്പോള്‍ പരമാവധി സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനെ നയത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമൊന്നുമില്ല. സൃഷ്ടിപരമായ ഇടപെടലാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ചൈനയെ പോലെയുള്ള പ്രധാനപ്പെട്ട അയല്‍ രാജ്യങ്ങളെ കുറിച്ചും മറ്റ് മന്ത്രാലയങ്ങളെ കുറിച്ചും അനാവശ്യ അഭിപ്രായപ്രകടനം നടത്താതിരിക്കാന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും സിംഗ് പറഞ്ഞതായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

ബീജിംഗില്‍ വച്ചാണ് രമേഷ് വിവാദമായ അഭിപ്രായ പ്രകടനം നടത്തിയത്. ചൈനീസ് കമ്പനികള്‍ രാജ്യത്തേക്ക് വരുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം അനാവശ്യമായി പ്രതിരോധമുയര്‍ത്തുകയാണെന്നും കമ്പനികളുടെ വരവിനെ ഭയപ്പാടോടെയാണ് വീക്ഷിക്കുന്നതെന്നും രമേശ് അഭിപ്രായപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയം ചൈനീസ് കമ്പനികള്‍ക്ക് നേരെ കൂടുതല്‍ അയഞ്ഞ സമീപനം നടത്തണമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ചൈന കമ്പനികളെ ഭയപ്പാടോടെയാണ് കാണുന്നത് എന്ന രമേശിന്റെ പ്രസ്താവന ആഭ്യന്തരമന്ത്രാലയം തള്ളിക്കളഞ്ഞു. ടെലകോം മേഖല ഉള്‍പ്പെടെ എല്ലായിടത്തും ചൈനീസ് കമ്പനികള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം നല്‍കുന്നുണ്ട് എന്ന് ആഭ്യന്തര സെക്രട്ടറി ജികെ പിള്ള ചൂണ്ടിക്കാട്ടി. ചൈനീസ് ടെലികോം കമ്പനിയായ ഹുവാവിയെ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ നിരോധിച്ചതിനു പിന്നാലെയാണ് രമേശിന്റെ പ്രസ്താവന വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.