യു പി എയെ പിന്തുണച്ചത് ചരിത്രപരമായ വിഡ്ഡിത്തം: അമര്‍സിംഗ്

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2009 (15:43 IST)
PRO
വിശ്വാസ വോട്ടെടുപ്പുവേളയില്‍ യു പി എ സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗ്. കോണ്‍ഗ്രസിന്‍റെ വശീകരണ വലയത്തില്‍നിന്ന് സമാജ്‌വാദി പാര്‍ട്ടി പുറത്തുവന്നുവെന്നും അമര്‍ പറഞ്ഞു.

ആണവകരാറിനെച്ചൊല്ലി ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ യു പി എ സര്‍ക്കാരിനെ പിന്തുണക്കാന്‍ തീരുമാനിച്ചത് ചരിത്രപരമായ മണ്ടത്തരമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എസ് പിയെ ചതിക്കുകയായിരുന്നുവോ എന്ന ചോദ്യത്തിന് ഇത്തരം കടുത്ത വാക്കുകള്‍ താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നും അമര്‍സിംഗ് പറഞ്ഞു.

കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് തനിക്ക് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നും അമര്‍സിംഗ് പറഞ്ഞു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം എസ് പിയോട് കോണ്‍ഗ്രസ് വളരെ മോശമായ രീതിയിലാണ് പെരുമാറിയത്. വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ തോറ്റ് വളരെ മോശം അവസ്ഥയിലൂടെ കോണ്‍ഗ്രസ് കടന്നുപോകുമ്പോഴാണ് എസ് പി പിന്തുണ വാഗ്ദാനം ചെയ്തത്.

എന്നാല്‍ ലോക്‍സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഇതെല്ലാം മറക്കുകയായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തന്‍റെ പാര്‍ട്ടിയോട് ഒരു നന്ദി പോലും പറയാന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് തയ്യാറായില്ലെന്നും അമര്‍സിംഗ് പറഞ്ഞു. നേതാക്കള്‍ക്കെതിരായ കേസുകള്‍ ഒതുക്കി തീര്‍ക്കാനാണ് യു പി എ സര്‍കാരിനെ പിന്തുണച്ചതെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അത്തരത്തിലൊരു കരാറും ഉണ്ടായിരുന്നില്ലെന്നും അമര്‍സിംഗ് പറഞ്ഞു