യുപിയില്‍ വീണ്ടും സ്ഫോടന ഭീഷണി

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (16:45 IST)
ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്തുമെന്ന് വീണ്ടും ഭീഷണിക്കത്ത്. തലസ്ഥാന നഗരിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ശരണ്‍പൂര്‍ ജില്ലയില്‍ സ്ഫോടനം നടുത്തുമെന്നാണ് ഭീഷണി. സ്ഫോടനം നടത്താനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍റെ കയ്യില്‍ നിന്നാണ് എഴുത്ത് കിട്ടിയതെന്ന് ജില്ലാ പോലീസ് മേധാവി അമിത് ചന്ദ്ര പറഞ്ഞു. ഏതാനും വ്യാവസായികളുടെ സഹായത്തോടെ 9 തീവ്രവാദികള്‍ ജില്ലയില്‍ ഒളിച്ചു കഴിയുന്നുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

രണ്ടു സിനിമാ തീയേറ്ററുകളും നാല് ഹോട്ടലുകളും ജില്ലാ കോടതിയും മൂന്ന് സ്കൂളുകളും തകര്‍ക്കുമെന്നാണ് ഭീഷണി. പഞ്ചാബില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ജില്ലയില്‍ എത്തുമെന്നും കത്തില്‍ പറയുന്നുണ്ട്.

പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് കത്ത് വച്ചിരിക്കുന്ന സ്ഥലം പറയുകയായിരുന്നു. ശരണ്‍പൂര്‍ ജില്ലയില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 22ന് ശരണ്‍പൂരില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കി പാകിസ്ഥാനില്‍ നിന്നും ടെലിഫോണ്‍ സന്ദേശം എത്തിയിരുന്നു. ഭീഷണികള്‍ കണക്കിലെടുത്ത് ജില്ലയിലെ സുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.