ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഡെറാഡൂണ്‍ - വാരണാസി ജനത എക്സ്‌പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റായ്ബറേലില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ബച്‌റാവന്‍ റെയില്‍വേ സ്‌റ്റേഷനു സമീപമാണ് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡെറാഡൂണ്‍ - വാരണാസി ജനത എക്സ്പ്രസ് ആണ് ഇന്നു രാവിലെ പാളം തെറ്റിയത്. എന്‍ജിനും രണ്ട് കോച്ചുകളുമാണ് പാളം തെറ്റിയത്. ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഡെറാഡൂണിനും വാരണാസിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ജനത എക്സ്‌പ്രസ് റായ്ബറേലിയിലെ ബച്ച്‌റാവന്‍ പട്ടണത്തില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.
എഞ്ചിനും ജനറല്‍ കംപാര്‍ട്‌മെന്റും ഗാര്‍ഡ് കംപാര്‍ട്‌മെന്റുമാണ് അപകടത്തില്‍പ്പെട്ടത്. ബോഗികള്‍ രണ്ടും പരസ്പരം ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍പ്പെട്ട ജനറല്‍ കംപാര്‍ട്‌മെന്റ് ഞെരിഞ്ഞമര്‍ന്നിട്ടുണ്ട്. അപകടസ്ഥലത്തേക്ക് റിലീഫ് വാന്‍ അയച്ചതായി റയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അപകടം ദില്ലി-ലക്നോ-വാരണാസി റൂട്ടിലെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.