യദ്യൂരപ്പ നഗ്നനായി ഉറങ്ങണമെന്ന് ജ്യോതിഷികള്‍!

ബുധന്‍, 2 ഫെബ്രുവരി 2011 (16:32 IST)
PRO
ബി എസ് യദ്യൂരപ്പ ഏറ്റവും വലിയ അന്ധവിശ്വാസിയായ മുഖ്യമന്ത്രി എന്ന പദവി നേടിയെടുക്കാനുള്ള പുറപ്പാടിലാണോ? ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തനിക്കെതിരെ ശത്രുക്കള്‍ ആഭിചാര പ്രയോഗം നടത്തി എന്ന് വിശ്വസിക്കുന്ന യദ്യൂരപ്പയോട് മൂന്ന് രാത്രികളില്‍ പൂര്‍ണ നഗ്നനായി വെറും നിലത്ത് ഉറങ്ങാനും നഗ്നനായി ഒരു നദിയില്‍ 12 സൂര്യ നമസ്കാരം ചെയ്യാനുമാണത്രേ ജ്യോതിഷികള്‍ ഉപദേശിച്ചിരിക്കുന്നത്!

ആഭിചാര പ്രയോഗങ്ങളുടെ ദോഷങ്ങള്‍ മാറാനുള്ള പരിഹാരമാണിത്. ഫെബ്രുവരി ആദ്യ ആഴ്ച തന്നെ യദ്യൂരപ്പ ‘ദോഷ പരിഹാരം’ നടത്തുമെന്നാണ് സൂചനകള്‍. കുടുംബ പൂജാരിയായ ഭാനു പ്രകാശ് ശര്‍മ്മയോടൊപ്പം അദ്ദേഹമിപ്പോള്‍ ദോഷ പരിഹാരം നടത്തുന്ന തിരക്കിലായതിനാല്‍ ഔദ്യോഗിക പരിപാടികള്‍ പോലും ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തന്നെ കൊല്ലാനായി ചിലര്‍ ദുര്‍മന്ത്രവാദം നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ. മൈസൂര്‍ ജില്ലയിലെ നഞ്ചന്‍‌കൂട് താലൂക്കിലുള്ള സുത്തൂര്‍ മഠത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞിരുന്നു.

എന്തുചെയ്തിട്ടും ജനസമ്മതി കുറയാത്തത് കണ്ടപ്പോള്‍ എതിരാളികള്‍ ദുര്‍മന്ത്രവാദത്തെ ആശ്രയിച്ചിരിക്കുകയാണ്. ദുഷ്‌ടശക്തികളെയും കുട്ടിച്ചാത്തന്മാരെയും വരുതിയില്‍ വച്ചിരിക്കുന്ന ദുര്‍മന്ത്രവാദികളെ ഉപയോഗിച്ച് തന്നെ കൊല്ലാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

വീട്ടില്‍ നിന്ന് നിയമസഭയിലേക്ക് പോകാന്‍ ഭയപ്പെടേണ്ട അവസ്ഥയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ദുര്‍മന്ത്രവാദികള്‍ വഴിയിലെല്ലാം എന്തൊക്കെയാണ് ചെയ്തുവച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല എന്നുമുള്ള കര്‍ണാടക മുഖ്യമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹത്തിന് മന്ത്രവാദത്തിലും ആഭിചാരത്തിലും ഉള്ള വിശ്വാസം വിളിച്ചറിയിക്കുന്നതായിരുന്നു.

വെബ്ദുനിയ വായിക്കുക