യദ്യൂരപ്പയെ രക്ഷിച്ചത് കോണ്‍ഗ്രസ്!

Webdunia
ശനി, 23 ഒക്‌ടോബര്‍ 2010 (14:34 IST)
PRO
PRO
ദേശീയ ബിജെപി നേതൃത്വവും ദേശീയ കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ്‌ യദ്യൂരപ്പ സര്‍ക്കാര്‍ നിലം‍പൊത്താതെ രക്ഷപ്പെട്ടതെന്ന് ജെഡിഎസ്‌ ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌ ഡി ദേവഗൗഡ ആരോപിച്ചു. ഈ പാര്‍ട്ടികള്‍ നടത്തിയ ഒത്തുകളിയിലൂടെയാണ്‌ ബിജെപി സര്‍ക്കാരിന്‌ രണ്ടാമതും വിശ്വാസവോട്ടില്‍ വിജയിക്കാന്‍ വഴിയൊരുങ്ങിയതെന്നും ദേവഗൌഡ പറഞ്ഞു. ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദേവഗൌഡ.

“കര്‍ണാടകത്തില്‍ ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് എ, ബി ടീം കളിയാണ്‌ കളിക്കുന്നത്. പതിനാറ് എംഎല്‍എമാരെ അയോഗ്യരാക്കിയത്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക്‌ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണറെ ബോധ്യപ്പെടുത്തിയതാണ്‌. എന്നിട്ടും ബിജെപിക്ക്‌ രണ്ടാമതും വിശ്വാസ വോട്ടെടുപ്പിനുള്ള സാഹചര്യമൊരുക്കുകയാണ്‌ കോണ്‍ഗ്രസിന്‍റെ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്‌.”

“സ്പീക്കറുടെ ഓഫീസ്‌ ദുരുപയോഗം ചെയ്ത ബിജെപി ഇപ്പോള്‍ ജുഡീഷ്യറിയെയും അവരുടെ പാളയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. ഇതിനുള്ള നീക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും ജനാധിപത്യമൂല്യത്തിന്റെയും തകര്‍ച്ചക്കേ ഇത്തരം നീക്കം വഴിവയ്ക്കൂ. ഓപ്പറേഷന്‍ താമരയ്ക്ക്‌ ബിജെപിയെ വീണ്ടും പ്രേരിപ്പിച്ചത്‌ മറ്റാരുമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ്‌.”

“സ്വന്തം പാര്‍ടിയിലെ എംഎല്‍എമാരെ സംരക്ഷിക്കാന്‍ കഴിയാത്ത പ്രതിപക്ഷനേതാവ്‌ സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ്‌ ദേശ്പാണ്ഡെയും നടത്തുന്ന പ്രതിഷേധം അങ്ങേയറ്റം പ്രഹസനമാണ്‌. അധികാരം നിലനിര്‍ത്താന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ മാനവും മര്യാദയും ഇല്ലാത്തതാണെന്ന് ഇതിനകം എല്ലാവര്‍ക്കും മനസിലായിക്കഴിഞ്ഞു” - ദേവഗൌഡ പറഞ്ഞു.