മോഡി സര്‍ക്കാരിന് രാഹുലിന്റെ വക പൂജ്യം മാര്‍ക്ക്

തിങ്കള്‍, 18 മെയ് 2015 (16:12 IST)
അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്കിയത് പൂജ്യം മാര്‍ക്ക്. പത്തിലാണ് രാഹുല്‍ മോഡി സര്‍ക്കാരിന് മാര്‍ക്ക് നല്കിയിരിക്കുന്നത്. അതേസമയം, ‘അമേഠി’യിലെ ഭക്‌ഷ്യപാര്‍ക്ക് തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി പദ്ധതി റദ്ദു ചെയ്തത് അമേഠിയിലെ കര്‍ഷകര്‍ക്കു മേല്‍ സര്‍ക്കാര്‍ ഏല്പിച്ച പ്രഹരമാണെന്നും പറഞ്ഞു.
 
കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മോഡി സര്‍ക്കാരിന് താന്‍ പത്തില്‍ പൂജ്യം മാര്‍ക്കാണ് നല്കുക. അമേഠിയിലെ കര്‍ഷകരെ  സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. കാലം തെറ്റി പെയ്ത മഴയിലും കൊടുങ്കാറ്റിലും കൃഷി കെടുതികള്‍ ഉണ്ടായ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു രാഹുല്‍.
 
ബി ജെ പി സര്‍ക്കാരിന്റെ നയങ്ങള്‍ അമേഠിയിലെയും സമീപത്തെ 10 ജില്ലകളിലെയും ജനങ്ങളെയും തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തന്നെ വെല്ലുവിളിക്കുമ്പോള്‍ അത് ബാധിക്കുന്നത് കര്‍ഷകരെയാണെന്നും രാഹുല്‍ പറഞ്ഞു.  അമേഠിയിലെ ഭക്‌ഷ്യപാര്‍ക്ക് തന്നില്‍ നിന്നല്ല ജനങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ എടുത്തു മാറ്റിയതെന്നും രാഹുല്‍ പറഞ്ഞു. പദ്ധതി തിരികെ ലഭിക്കാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക