മോഡി റോക്സ്; പ്രധാനമന്ത്രിയാകാന്‍ റോക്ക് സംഗീതവും!

Webdunia
വെള്ളി, 17 മെയ് 2013 (17:33 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മോഡേണാണ്. പ്രധാനമന്ത്രിയാകാനുള്ള മോഡിയുടെ മോഹം പൂവണിയിക്കാന്‍ അകമ്പടിയായി റോക്ക് സംഗീതമേളയും. ‘നമോ നമോ‘ എന്ന പ്രചരണ ഗാനവുമായാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡി എന്ന പ്രമേയവുമായി സംഗീത മേള രാജ്യതലസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്. 2014ലെ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയെ അവരോധിക്കുക എന്നതാണ് സംഗീത മേളയുടെ പ്രഥമ ലക്ഷ്യം. മെറ്റല്‍, റോക്ക്, ഫോക്ക് എന്നീ ഗാനശാഖകളെ സമന്വയിപ്പിച്ചാണ് നമോ നമോ ഒരുക്കിയിരിക്കുന്നത്. മെയ് 31ന് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് ഗാനം ആദ്യമായി അരങ്ങേറുന്നത്.

രാഷ്ട്രീയത്തില്‍ അതീവ തത്പരരായിട്ടുള്ളവര്‍ മാത്രമേ രാഷ്ട്രീയപ്രസംഗത്തിന് ചെവി കൊടുക്കുകയുള്ളു. അതുകൊണ്ട് ജനങ്ങളെ സ്വാധീനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തണമന്നാണ് തങ്ങള്‍ കരുതുന്നതെന്ന് മുന്‍ ബിജെപി പ്രവര്‍ത്തകനും മോഡിഫയിംഗ് ഇന്ത്യ എന്ന കമ്മ്യൂണിറ്റി പേജിന്റെ സ്ഥാപകനുമായ തേജേന്ദര്‍ സിംഗ് പറഞ്ഞു. പരിപാടിയുടെ സംഘാടകരാണിവര്‍. മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ ഇവര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

ആദ്യഗാനം ഹിന്ദിയിലാണ് പുറത്തിറക്കുന്നതെങ്കിലും വിവിധ ഭാഷകളില്‍ ഒരു ഗാനം വീതം ഓരോ മാസമായി പുറത്തിറക്കാനാണ് സംഘത്തിന്റെ പരിപാടി. ബോജ്പുരി, തമിഴ്, ബംഗാളി എന്നീ ഭാഷകളിലും ഗാനമിറങ്ങും. കാശ്മീരി ബാന്‍ഡ് റോക്കാണ് പരിപാടി അവതരിപ്പിക്കുന്നത്. രാഹുല്‍ ടിക്കൂ, ആശിഷ് ബട്ട് എന്നിവരാണ് ഗാനാലാപനം.