മോഡി പിരാനാ: കോണ്‍ഗ്രസ്

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2009 (12:26 IST)
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും കോണ്‍‌ഗ്രസുമായുള്ള വാക്‌പയറ്റ് ഞായറാഴ്ച രൂക്ഷമായി. അക്വേറിയത്തില്‍ ഓടിക്കളിക്കുന്ന ചെറുമീനാണ് രാഹുല്‍ ഗാന്ധിയെന്ന നരേന്ദ്രമോഡിയുടെ പരാമര്‍ശത്തോട് മനുഷ്യനെ തിന്നുന്ന പിരാനാ മത്സ്യമാണ് മോഡിയെന്നാണ് കോണ്‍‌ഗ്രസിന്റെ ഉരുളയ്ക്കുപ്പേരി. രണ്ടായിരത്തിരണ്ടില്‍ നടന്ന ഗുജറാത്ത് കലാപത്തെ പരാമര്‍ശിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ‘പിരാനാ’ വെടി പൊട്ടിച്ചത്.

ഗോവയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി നേതാക്കളെ കടല്‍ മത്സ്യവും രാഹുല്‍ ഗാന്ധിയെ അക്വേറിയത്തിലെ മീനുമായി നരേന്ദ്രമോഡി ഉപമിച്ചത്.

അക്വേറിയത്തിന്‍റെ സുരക്ഷിതത്വത്തില്‍ ഓടിക്കളിക്കുന്ന ചെറുമീനുകളല്ല ബിജെപി നേതാക്കള്‍. വിക്ഷുബ്‌ധമായ സമുദ്രത്തിലെ മത്സ്യങ്ങളാണവര്‍‍. പണക്കാരന്‍റെ പൂന്തോട്ടത്തിലെ പാത്രങ്ങളില്‍ വളരുന്ന പുഷ്പങ്ങളാണ് അവര്‍. സ്വന്തം കാടുകളിലാണ് ബിജെപി നേതാക്കള്‍ വളരുന്നത്. ചേരികളിലും യുവജനങ്ങള്‍ വളരുന്നില്ലേ? പക്ഷേ അവരെ ആരും യുവജനങ്ങളെന്ന് പറയില്ല. കാരണം അവര്‍ക്ക് ധനികരായ മാതാപിതാക്കളില്ല, അവരുടെ അച്ഛന്‍‌മാര്‍ പ്രധാനമന്ത്രികളല്ല, അവരുടെ അമ്മമാര്‍ വലിയ ആളുകളല്ല - ഗോവാ റാലിയില്‍ നരേന്ദ്രമോഡി രാഹുലിനെ ഇങ്ങനെയാണ് പരിഹസിച്ചത്.

നരേന്ദ്രമോഡിയുടെ ‘ചെറുമീന്‍’ പരാമര്‍ശത്തിനെതിരെ കോണ്‍‌ഗ്രസും ആഞ്ഞടിച്ചിരിക്കുകയാണ്. രാഹുല്‍ ചെറുമീനെങ്കില്‍ മനുഷ്യരെ ജീവനോടെ തിന്നുന്ന പിരാനാ മത്സ്യമാണ് മോഡിയെന്നാണ് കോണ്‍‌ഗ്രസ് പറയുന്നത്. ദളിതന്‍റെ കുടിലില്‍ ഒരുദിവസം പോലും തങ്ങാന്‍ മനസില്ലാത്ത നരേന്ദ്രമോഡിക്ക് രാഹുല്‍ ഗാന്ധിയെ പറ്റി കുറ്റം പറയാന്‍ അര്‍ഹതയില്ലെന്നും കോണ്‍‌ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ബുദ്ധി കെട്ടുപോയെന്നാണ് കോണ്‍‌ഗ്രസിന്‍റെ ഏറ്റവും പുതിയ കമന്‍റ്