നടപ്പാക്കാന്‍ കഴിയാത്ത വാഗ്‌ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി ജെ പി സര്‍ക്കാര്‍ സാധാരണക്കാരന്‍റെ സര്‍ക്കാരല്ലെന്നും രാഹുല്‍ പറഞ്ഞു. ബീഹാറിലെ റാംനഗറില്‍ വെസ്‌റ്റ് ചമ്പാരണ്‍ ജില്ലയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സ്യൂട്ട്-ബൂട്ട് സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. മോഡിക്കൊപ്പം എപ്പോഴുമുള്ളത് സ്യൂട്ട് ധരിച്ചവരാണ്. സാധാരണക്കാരെ അദ്ദേഹത്തിനൊപ്പം കാണാനാവില്ല. ചായ വില്‍പ്പനക്കാരനായി ജീവിതം തുടങ്ങിയ മോഡി ഇപ്പോള്‍ പതിനഞ്ച് ലക്ഷം രൂപയുടെ സ്യൂട്ടാണ് ധരിക്കുന്നത് - രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ബീഹാറില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. ബീഹാറിനെ നരേന്ദ്രമോഡിയില്‍ നിന്നും അദ്ദേഹത്തിന്റെ സ്യൂട്ട് ധാരികളായ സുഹൃത്തുക്കളില്‍ നിന്നും രക്ഷിക്കും - രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ രാഹുല്‍ ഗാന്ധി നടത്തിയത് അപക്വമായ പ്രസംഗമാണെന്ന് ബി ജെ പി വക്താവ് എം ജെ അക്ബര്‍ പറഞ്ഞു. രാഹുലിന് ജോലി ചെയ്തുള്ള അനുഭവം ഇല്ല. അദ്ദേഹം ജീവിതത്തില്‍ ഇതുവരെ പൂര്‍ണ ഉത്തരവാദിത്തത്തോടെ ഒരു ദിവസം പോലും ഒരു ജോലിയും ചെയ്തിട്ടില്ല - അക്ബര്‍ പറഞ്ഞു.