മോഡിയുടെ പ്രചരണത്തിന് തുടക്കം

Webdunia
ബുധന്‍, 25 ഫെബ്രുവരി 2009 (11:42 IST)
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കമാവും. പിമ്പാലാഗാവ് ബസ്വന്ത് ജില്ലയിലെ ന്യൂ ദിന്‍ഡോരി ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് മോഡി പ്രചരണത്തിന് തുടക്കം കുറിക്കുന്നത്.

ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് നിതില്‍ ഗഡ്‌കാരി, ദേശീയ ജനറല്‍ സെക്രട്ടറി ഗോപിനാഥ് മുണ്ടെ, വിനോദ് തവ്‌ദെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മഹാരാഷ്ട്രയുടെ പ്രചരണച്ചുമതല കൂടിയുള്ള മോഡി വിദര്‍ഭയിലെ പ്രചരണ യോഗത്തില്‍ പങ്കെടുത്തതിനു ശേഷമായിരിക്കും ഗുജറാത്തിലെ ഏറ്റവും വലിയ ഉള്ളി ഉല്‍‌പ്പാദക ജില്ലയായ പിമ്പാലാഗാവ് ബസ്വന്തിലെത്തുക.

മലെഗാവില്‍ നിന്നുള്ള ബി ജെ പി എംപി ഹരീഷ്ചന്ദ്ര ചവാനായിരിക്കും പട്ടിക വര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ന്യൂ ദിന്‍ഡോരിയിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ടുണ്ട്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ മുഖം മൂടി വച്ച് സംസ്ഥാ‍ന വ്യാപകമായി നടത്തിയ പ്രചരണ പരിപാടികള്‍ വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.