കൊല്‍ക്കത്തയില്‍ മേല്‍പാലം തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാലം നിര്‍മ്മാണത്തില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബംഗാളില്‍ ഒറ്റയാള്‍ ഭരണമാണ് മമത ആഗ്രഹിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ നടന്ന ആദ്യ രാഷ്ട്രീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
അതേസമയം, കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ റാലിക്കിടെ രാഹുല്‍ ഗാന്ധിയെ ലാല്‍ സലാം വിളിച്ച് എതിരേറ്റത് കൌതുകമായി. ബംഗാളില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന് അധികാരം ലഭിച്ചാല്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന പറഞ്ഞ രാഹുല്‍ അടുത്തിടെ ‘നാരദ ന്യൂസ്’ എന്ന ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ പുറത്തു വിട്ട സ്റ്റിങ് ഓപറേഷനില്‍ കോഴ വാങ്ങിയ തൃണമൂല്‍ നേതാക്കള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. കോഴ വാങ്ങിയ നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍പോലും തയ്യാറാകാത്ത മമതയുടെ നിലപാട് ന്യായീകരിക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു.