ന്യൂഡല്‍ഹി, കാണ്‍പൂര്‍, ഇന്‍ഡോര്‍ എന്നീ മൂന്ന് നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും പൂനെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല യോഗം തീരുമാനിച്ചു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും റയില്‍വെ സ്റ്റേഷനുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കാനും ആണവ പദ്ധതികളുടെ സുരക്ഷയില്‍ പാളിച്ചകള്‍ വരാതെ നോക്കാനും ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. ലഷ്‌കര്‍ ഭീകരര്‍ മൂന്ന് നഗരങ്ങളെ ലക്‍ഷ്യമാക്കി ആക്രമണ പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് അതീവജാഗ്രത പുലര്‍ത്താന്‍ തീരുമാനമായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂനെയില്‍ നിന്ന് മടങ്ങിയെത്തിയ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്. യോഗത്തില്‍ ഐബി, റോ തുടങ്ങിയ ഏജന്‍സികളുടെ തലവന്‍മാരും പങ്കെടുത്തിരുന്നു. ഇന്ന് വൈകിട്ട് വീണ്ടും ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേരും. വൈകിട്ടോടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് സൂചന.
ഇതിനിടെ, പൂനെ സ്ഫോടനത്തില്‍ ആര്‍ഡിഎക്സും അമോണിയം നൈട്രേറ്റുമാണ് ഉപയോഗിച്ചത് എന്ന് സൂചനയുണ്ട്.