ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടാതെ വരുന്ന സാഹചര്യത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത് തടയാന്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നതിനോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നതിനെക്കാളും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്ന് രാഹുല്‍ ഗാന്ധി നേതാക്കളോട്
വ്യക്തമാക്കി കഴിഞ്ഞു.
നരേന്ദ്ര മോഡി അധികാരത്തിലെത്തുന്നത് തടയാന്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ അതൃപ്തി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ സമൂലമായ മാറ്റങ്ങളുണ്ടാവുമെന്ന് രാഹുല്‍ സൂചന നല്‍കിയിട്ടുണ്ട്.
പുതിയ യുവനേതാക്കളെ പാര്‍ട്ടിയുടെ ഭാരവാഹിത്വങ്ങളിലേക്ക് കൊണ്ടുവരാനും രാഹുലിന് പദ്ധതിയുണ്ട്. വോട്ടെടുപ്പ് അവസാനിക്കാന്‍ രണ്ടുഘട്ടങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങളെ കുറിച്ച് കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്ന് ബുധനാഴ്ച പറഞ്ഞ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അടുത്ത ദിവസം നിലപാട് മാറ്റി. രാഹുലിന്റെ സമ്മര്‍ദ്ദമാണ് ഈ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയുടേത് തന്നെയായിരിക്കും.