മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സൂര്യനമസ്കാരം ഒഴിവാക്കി. അന്തര്‍ദേശീയ യോഗാദിനാചരണത്തിന്‍റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലടക്കം നടത്തുന്ന പരിപാടികളില്‍ നിന്നാണ് സൂര്യനമസ്കാരം ഒഴിവാക്കിയത്.
യോഗയില്‍ സൂര്യനമസ്കാരം നിര്‍ബന്ധമായി നടപ്പാക്കുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യോഗദിനാചരണ പരിപാടികളില്‍ നിന്ന് സൂര്യനമസ്കാരം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അന്താരാഷ്‌ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ യോഗ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ പരിശീലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തത്. എന്നാല്‍ ഇതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുസ്ലിം സംഘടനകള്‍ രംഗത്തു വന്നു.
ഹിന്ദു മതാചാരപ്രകാരമുള്ള സൂര്യനമസ്കാരം ഇസ് ലാം മതവിശ്വാസത്തിന് എതിരാണെന്നും അതിനാല്‍ സൂര്യനമസ്കാരം സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍ബന്ധിതമാക്കാനുള്ള നടപടി പിന്‍വലിക്കണമെന്നും പേഴ്സണല്‍ ലോ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.