മുന്‍ രാഷ്ട്രപതി എ പി ജെ അബ്‌ദുള്‍ കലാം അന്തരിച്ചു. ഷില്ലോങില്‍ ഐ ഐ എമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. 84 വയസായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോകും.
ഷില്ലോങ് ഐ ഐ എമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വൈകുന്നേരം 6.52ന് ഒരു വലിയ ഹൃദയാഘാതം ഉണ്ടായി എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഐ ഐ എമ്മിന് സമീപമുള്ള ബദനി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഹൃദയമിടിപ്പ് ഏതാണ്ട് നിലച്ച നിലയിലാണ് അബ്‌ദുള്‍ കലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച രാവിലെയാണ് എ പി ജെ അബ്‌ദുള്‍ കലാം ഷില്ലോങ്ങിലെത്തിയത്. വൈകുന്നേരം പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഇന്ത്യയുടെ പതിനൊന്നാമത് പ്രസിഡന്‍റായിരുന്നു എ പി ജെ അബ്‌ദുള്‍ കലാം. കെ ആര്‍ നാരായണന് ശേഷമാണ് അദ്ദേഹം രാഷ്ട്രപതിയായത്. 2002 ജൂലൈ 25 മുതല്‍ 2007 ജൂലൈ 25 വരെയായിരുന്നു അദ്ദേഹം രാഷ്ട്രപതിയായിരുന്നത്.
1931 ഒക്ക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമനാഥപുരത്താണ് അബ്ദുള്‍ കലാം ജനിച്ചത്. 1998ലെ പൊഖ്‌റാന്‍ അണുപരീക്ഷണത്തില്‍ വലിയ സംഭാവന നല്‍കി. ‘മിസൈല്‍ മാന്‍’ എന്നറിയപ്പെട്ട അദ്ദേഹം അഗ്നി, പൃഥ്വി മിസൈലുകളുടെ ഉപജ്ഞാതാവാണ്.
ബഹിരാകാശ, പ്രതിരോധ ഗവേഷണ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഒട്ടേറെ സര്‍വകലാശാലകളില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വിവിധ കേന്ദ്രമന്ത്രിമാര്‍ മുന്‍ രാഷ്ട്രപതിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.