മല്യ ധനാഢ്യന്‍ പക്ഷേ വീടില്ല!

Webdunia
ഞായര്‍, 20 ജൂണ്‍ 2010 (10:48 IST)
PRO
രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുത്ത എം‌പിമാരിലെ ഏറ്റവും വലിയ സമ്പന്നന്‍ വിജയ് മല്യ തന്നെ. മല്യ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലമനുസരിച്ച് മൊത്തം ആസ്തി 615 കോടി രൂപയാണെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ വീടില്ല. അതേസമയം‍, 25 ലക്ഷം രൂ‍പകൊടുത്ത് വാങ്ങിയ ഒരു ഫെരാരി സ്വന്തമായുണ്ട്.

അതേപോലെ, സ്വന്തമായി വീടില്ലാത്ത മറ്റൊരു പ്രമുഖ രാജ്യസഭാ എം‌പിയാണ് കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്‌റാം രമേശ്. അദ്ദേഹത്തിന് മൊത്തം 62 ലക്ഷം രൂ‍പയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു. അതായത്, രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുത്ത 78 ശതമാനം എം‌പിമാരുടെയും ശരാശരി ആസ്തി 25 കോടിയായി കണക്കാക്കുമ്പോള്‍ രമേശിനെ ഒരു സമ്പന്നന്‍ എന്ന് വിശേഷിപ്പിക്കാനാവില്ല.

ആന്ധ്രയില്‍ നിന്നുള്ള ടിഡിപിയുടെ വൈ എസ് ചൌധരിയാണ് പുതിയ എം‌പിമാരില്‍ രണ്ടാമത്തെ സമ്പന്നന്‍. അദ്ദേഹം 190 കോടിയുടെ സ്വത്ത് വിവരമാണ് വെളിപ്പെടുത്തിയത്. ജെ‌എം‌എം എം‌പിയായ കണ്‍‌വാര്‍ സിംഗ് ആണ് സമ്പത്തിന്റെ കാര്യത്തില്‍ മൂന്നാമത്. അദ്ദേഹത്തിന് 83 കോടി രൂപയുടെ സ്വത്താണ് ഉള്ളത്.

ഏറ്റവും കുറവ് സ്വത്ത് ബിജെപിയുടെ അനില്‍ ദാവെയ്ക്കാണ്-2.7 ലക്ഷം രൂപ. ആര്‍ജെഡിയുടെ രാം കൃപാല്‍ യാദവിന് 27 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നല്‍കിയ സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു.