ചെന്നൈയില്‍ മലയാളിയായ ട്രെയിനി നഴ്സിനെ പീഡിപ്പിച്ച കേസില്‍ മലയാളിയായ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിലായി. എറണാകുളം സ്വദേശി ശ്രീജിത്ത്(35) ആണ് അറസ്റ്റിലായത്. ചെന്നൈ അമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ഡോക്ടര്‍ അജില്‍കുമാറിനായി(42) തെരച്ചില്‍ തുടരുകയാണ്. ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ചെന്നൈ അണ്ണാ നഗറിനെ അപ്പാര്‍ട്ട്‌മെന്റിലാണ് പീഡനം നടന്നതെന്ന് തൊടുപുഴ സ്വദേശിനിയായ 19-കാരിയുടെ പരാതിയില്‍ പറയുന്നു. പരിശീലനം നല്‍കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടര്‍മാര്‍ നഴ്സിനെ ചെന്നൈയില്‍ എത്തിച്ചത് എന്നാണ് വിവരം.
ട്രിച്ചിയിലെ കേരളാ ആയുര്‍വേദ ആശുപത്രിയില്‍ ആണ് അജില്‍ കുമാര്‍ ജോലി ചെയ്യുന്നത്. ഇതേ ആശുപത്രിയുടെ ചെന്നൈ സെന്ററിലാണ് ശ്രീജിത്തിന് ജോലി. അജില്‍ കുമാര്‍ ആണ് പെണ്‍കുട്ടിയോട് ചെന്നൈയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇത്. ജൂണ്‍ എട്ടിന് പെണ്‍കുട്ടി ചെന്നൈയില്‍ എത്തി. ശ്രീജിത് ആണ് പെണ്‍കുട്ടിയെ റയില്‍വെ സ്റ്റേഷനില്‍ നിന്ന് അണ്ണാനഗറിലെ താമസസ്ഥലത്ത് എത്തിച്ചത്. അവിടെ വച്ച് ഡോക്ടര്‍മാര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ജോലിക്ക് പോകാതെയായി. ഒടുവില്‍ ഒരു സുഹൃത്തിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സുഹൃത്തിന്റെ ബന്ധുവിന്റെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി.