മറുപടിയില്‍ തൃപ്തിയില്ല; സ്മൃതി ഇറാനി തലവെട്ടിത്തരണം എന്ന് മായാവതി

Webdunia
ശനി, 27 ഫെബ്രുവരി 2016 (07:16 IST)
രാജ്യസഭയില്‍ സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി. രോഹിത് വെമുലയുടെ മരണത്തില്‍ താന്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തലവെട്ടി തരാമെന്ന സ്മൃതി ഇറാനിയുടെ പ്രസ്താവനയെച്ചൊല്ലിയാണ് മായാവതി സ്മൃതിയുമായി ഏറ്റുമുട്ടിയത്. രോഹിത്തിന്റെ മരണം അന്വേഷിക്കുന്ന കമ്മീഷനില്‍ ദളിത് അംഗത്തെ ഉള്‍പ്പെടുന്നതിനെച്ചൊല്ലിയായിരുന്നു മായാവതിയുടെ വിമര്‍ശനം.
 
അലഹാബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാളിന്റെ ഏകാംഗ കമ്മീഷനാണ് നിലവില്‍ രോഹിത്ത് വെമുലയുടെ മരണം അന്വേഷിക്കുന്നത്. കമ്മീഷനില്‍ ഒരു ദളിത് അംഗത്തെ ഉള്‍പ്പെടുത്തണമെന്നാണ് മായാവതിയുടെ ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് സ്മൃതി ഇറാനി മറുപടി നല്‍കിയിട്ടില്ല. ദളിതരോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്ന് മായാവതി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തയല്ലെന്നും തലവെട്ടി തരാന്‍ തയ്യാറാണെന്ന വാക്ക് പാലിക്കാന്‍ തയ്യാറാണോയെന്നും മായാവതി ചോദിച്ചു.