മരുന്ന് പരീക്ഷണത്തില്‍ പൊലിഞ്ഞത് 2,644 ജീവനുകള്‍

Webdunia
വ്യാഴം, 25 ഏപ്രില്‍ 2013 (18:00 IST)
PRO
PRO
മരുന്ന് പരീക്ഷണത്തിന് ഇരകളാ‍യി രാജ്യത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മരിച്ചത്
2,644 പേര്‍. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. 11,972 പേര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടായി എന്നും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

2005 മുതല്‍ 2012 വരെ 57,303 പേരാണ് രാജ്യത്ത് മരുന്ന് പരീക്ഷണത്തിന് വിധേയരായത്. വിദേശത്തും സ്വദേശത്തും നിര്‍മ്മിച്ച മരുന്നുകള്‍ ആണ് ഇവരില്‍ പരീക്ഷിച്ചത്. ഏറ്റവും കൂടുതല്‍ ജീവന്‍ പൊലിഞ്ഞത് ബേയര്‍ കമ്പനിയുടെ റിവാറോക്‌സാബന്‍, നൊവാര്‍ടിസ് കമ്പനിയുടെ അലിസ്‌കിരന്‍ എന്നീ മരുന്നുകളുടെ പരീക്ഷിച്ചപ്പോഴായിരുന്നു. എന്നാല്‍ മരുന്നു കമ്പനികളുടെ കണക്ക് പ്രകാരം മരണമടഞ്ഞവരുടെ എണ്ണം വളരെ കുറവാണ്.

മധ്യപ്രദേശിലെ ഒരു എന്‍ജിഒ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി വിശദീകരണം തേടിയതിന്റെ ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.