ബിഹാറില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ നിതീഷ് കുമാര്‍ അവകാശവാദം ഉന്നിയിക്കും. ഇതിനായി, എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കുന്ന കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് നല്കും. നേരത്തെ, മന്ത്രിസഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചിയും ഗവര്‍ണര്‍ക്ക് കത്തു കൈമാറിയിരുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എന്തു നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ബിഹാറിന്റെ ഭാവി.
അതേസമയം, നീതി ആയോഗ് യോഗത്തിന് ഡല്‍ഹിയില്‍ എത്തുന്ന മാഞ്ചി ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുന്നുണ്ട്. പുതിയ നീക്കത്തെ തുടര്‍ന്ന് മാഞ്ചിയെ ജെ ഡി യുവില്‍ നിന്നും പുറത്താക്കിരുന്നു. ഈ സാഹചര്യത്തില്‍ മോഡിയുമായുള്ള മാഞ്ചിയുടെ കൂടിക്കാഴ്ച രാഷ്‌ട്രീയലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നേരത്തെ, ബിഹാറിലെ ബി ജെ പി സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു.
ജെ ഡി യുവിലെ രാഷ്‌ട്രീയപ്രതിസന്ധി രൂക്ഷമായതോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ആയിരുന്ന മഞ്ചി ശുപാര്‍ശ നല്‍കിയത്.
മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാഞ്ചിയെ മാറ്റി നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ജെ ഡി യു ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് മാഞ്ചി പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച മാഞ്ചി അടിയന്തിര മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്തത്. നിയസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കുന്നതിനെ യോഗത്തില്‍ ഭൂരിപക്ഷം പേരും എതിര്‍ത്തു. 28 അംഗ മന്ത്രിസഭയില്‍ ഏഴു മന്ത്രിമാരുടെ പിന്തുണ മാത്രമാണ് മാഞ്ചിക്ക് ലഭിച്ചത്. പക്ഷേ മാഞ്ചി തന്റെ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു.
243 അംഗ നിയമസഭയില്‍ 111 പേര്‍ മാത്രമാണ് ജെ ഡി യു വിനുള്ളത്. ആര്‍ ജെ ഡി, കോണ്‍ഗ്രസ്, സി പി ഐ എന്നിവരുടെ പിന്തുണയോടെയാണ് മാഞ്ജി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.