മനുഷ്യരെ കൊലപ്പെടുത്തിയല്ല പശുക്കളെ സംരക്ഷിക്കേണ്ടത്: പ്രധാനമന്ത്രി

വ്യാഴം, 29 ജൂണ്‍ 2017 (15:04 IST)
മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുവിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. എല്ലാ അക്രമങ്ങളേയും കർശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണ് നമ്മുടെ ഇന്ത്യ. എന്തുകൊണ്ടാണ് ആളുകൾ ഇതെല്ലാം മറന്നു പ്രവർത്തിക്കുന്നതെന്നും അക്രമരാഹിത്യമാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 
 
തനിക്കു വിഷമമുണ്ടായ കാര്യങ്ങളിൽ ചിലതു പറയാനുണ്ടെന്നു പറഞ്ഞാണ് മോദി ഗോസംരക്ഷണ വിഷയത്തിലേക്കു വന്നത്. അക്രമം ഒരിക്കലും ഒരു പ്രശ്നവും പരിഹരിക്കില്ല. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള മനുഷ്യഹത്യ മഹാത്മ ഒരിക്കലും അംഗീകരിക്കില്ല. സമൂഹമെന്ന നിലയ്ക്കു എല്ലായിപ്പോഴും നമ്മൾ ചരിത്രവുമായി ബന്ധപ്പെടണം. മഹാത്മാ ഗാന്ധിയുടെ ചിന്തകൾ ലോകം ഇന്നു നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരമാണെന്നും മോദി പറഞ്ഞു.  
 
അഹിംസയുടെ നാടാണിത്. എന്നുവെച്ചാല്‍ മഹാത്മാ ഗാന്ധിയുടെ നാട്. എന്താണ് ഇക്കാര്യം നമ്മൾ മറക്കുന്നത്.  ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കാൻ നാം ഓരോരുത്തരും പ്രയത്നിക്കണമെന്നും സബർമതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനും ഇവിടത്തെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുമായി രണ്ടുദിവസത്തെ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക