മദനിയുടെ ശസ്ത്രക്രിയ മാറ്റിവെച്ചു; പ്രമേഹം നിയന്ത്രണവിധേയമല്ലെന്ന് മെഡിക്കല്‍ സംഘം
ശനി, 26 ഒക്‌ടോബര്‍ 2013 (15:07 IST)
PRO
PRO
അബ്ദുള്‍ നാസര്‍ മദനിയുടെ ശസ്ത്രക്രിയ നടത്തില്ല. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതിനാല്‍ കണ്ണിന് നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ മാറ്റിവെയ്ക്കാന്‍ ഡോക്ടറുടെ സംഘം തീരുമാനിച്ചത്. മദനിയുടെ കണ്ണിന്റെ കാഴ്ച പത്തിലൊന്നായി കുറഞ്ഞതായി അഗര്‍വാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയ നടത്താന്‍ സാധ്യമല്ലാത്തതിനാല്‍ മദനിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.
ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ നേത്ര ശസ്ത്രക്രിയക്കായി അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് അഗര്‍വാള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ഭാര്യ സൂഫിയയുടെ സഹായവും മദനിക്ക് കോടതി അനുവദിച്ചിരുന്നു.
മതിയായ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന മദനിയുടെ വാദം പരിഗണിച്ചാണ് അടിയന്തര നേത്ര ശസ്ത്രക്രിയയ്ക്കുള്ള കോടതി അനുമതി നല്‍കിയത്. ഒക്ടോബര്‍ 17ന് ബംഗളൂരുവിലെ അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മദനിയുടെ ഇടതു കണ്ണിന് ഗുരുതര പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതായി മദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി വിധിയുണ്ടായത്. ചികിത്സ ലഭ്യമാക്കാന്‍ മദനി തയ്യാറാവുന്നില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നത്.
മദനിയുടെ ചികിത്സയില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ എച്എല്‍ ഗോഖലെയും ജെ ചലമേശ്വറും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. നവംബര്‍ 19ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.