ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പാസായി

വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (08:17 IST)
PTI
PTI
ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പാസായി. ഇതോടെ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമാകും. പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ബില്ലാണ് രാജ്യസഭയില്‍ പാസ്സായത്. 10നെതിരെ 131 വോട്ടുകള്‍ക്കാണ് പാസ്സായത്.

ഭൂമി ഏറ്റെടുക്കല്‍ ബില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കും ഭേദഗതികളിന്മേലുള്ള വോട്ടെടുപ്പിന് ശേഷവുമാണ് പാസായത്. ബിജെപിയുടേതടക്കം നാല് ഭേദഗതികള്‍ ബില്ലില്‍ പുതുതായി ഉള്‍പ്പെടുത്തി. ഇതോടെ ബില്‍ വീണ്ടും ലോക്‌സഭയുടെ അംഗീകാരത്തിന് വിടും.

പുതിയ ബില്‍ പാസാവുന്നതോടുകൂടി ഗ്രാമീണ മേഖലയില്‍ വിപണി വിലയുടെ നാല് മടങ്ങും നഗരങ്ങളില്‍ രണ്ട് മടങ്ങും നഷ്ടപരിഹാരം നല്‍കണം. സ്വകാര്യ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 80 ശതമാനവും പൊതു സ്വകാര്യ പദ്ധതികള്‍ക്ക് 70 ശതമാനവും ജനങ്ങളുടെ അനുമതി വേണം.

പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഭൂമി പാട്ടത്തിന് നല്‍കിയാല്‍ മതി. സര്‍ക്കാര്‍ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഉടമകളുടെ അനുമതി വേണ്ട എന്നിവയാണ് ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍.

2011ല്‍ ബില്‍ പാര്‍ലമെന്റില്‍ വച്ചത് കൊണ്ട് അതിന് ശേഷം ഭൂമി വിട്ട് നല്‍കിയവര്‍ക്ക് 50 ശതമാനം നഷ്ടപരിഹാരം ലഭിക്കും. 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് പകരമുള്ള ബില്ലാണ് ഈ പുതിയ ബില്‍.

വെബ്ദുനിയ വായിക്കുക