ഭീകരര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഭീകരരെ പുനരധിവസിപ്പിക്കുന്നു!

ചൊവ്വ, 26 മാര്‍ച്ച് 2013 (17:18 IST)
PRO
PRO
ഇതുകണ്ട് സാധാരണ ജനങ്ങള്‍ ഞെട്ടണ്ട. കാരണം ഇതു ഭീകരര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ്. കാരണം കീഴടങ്ങുന്ന ഭീകരരെ പുനരധിവസിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ പുതിയ നയം രൂപീകരിക്കുന്നു. സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ മികച്ച ഏകോപനം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളോടെയാണ് നയം.

ഹിസ്ബുള്‍ മുജാഹിദിന്‍ പ്രവര്‍ത്തകനായിരുന്നു ലിയാഖത്ത് അലി ഷായെ ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.

സ്വൈര്യജീവിതം നയിക്കാനായി കീഴടങ്ങാനെത്തിയ ആളെ അറസ്റ്റ് ചെയ്തത് ഉന്നത ഭരണതലങ്ങളില്‍ അതൃപ്തി ഉണ്ടാക്കി. വിവിധ ഏജന്‍സികളുടെ ഏകോപനമില്ലായ്മയാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതൊഴിവാക്കി കീഴടങ്ങാനെത്തുന്ന ഭീകര സംഘടനാ ബന്ധമുള്ളവരെ പുനരധിവസിപ്പിക്കാന്‍ കൂടുതല്‍ ഫലപ്രദമായ ദേശീയ നയമുണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം.

മാവോയിസ്റ്റ് തീവ്രസംഘടനാ ബന്ധമുള്ളവര്‍ക്കും കീഴടങ്ങി സ്വസ്ഥ ജീവിതം നയിക്കുന്നതിന് വഴിയൊരുക്കാനുള്ള വ്യവസ്ഥകള്‍ നയത്തില്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ മൂന്ന് മാസത്തിനകം സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. വിവിധ സംസ്ഥാനങ്ങളും പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം ഉണ്ടാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. പുനരധിവാസത്തിന് പാകിസ്ഥാന്‍ തയ്യാറാകാത്തതോടെ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുന്നവര്‍ ബന്ധുക്കള്‍ മുഖേന കീഴടങ്ങുകയാണ് പതിവ്. 350ലധികം പേരാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കീഴടങ്ങിയത്.

വെബ്ദുനിയ വായിക്കുക