മാവോയിസ്റ്റുകള്‍ ഭീഷണി മുഴക്കിയതിനു തൊട്ടു പിന്നാലെ ബീഹാറിലെ ലഖിസര വനമേഖലയില്‍ ഒരു പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന എട്ട് മാവോവാദികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള പൊലീസുകാരെ വധിക്കുമെന്ന് മാവോയിസ്റ്റുകള്‍ നേരത്തെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഒരു പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച മാവോയിസ്റ്റുകള്‍ വധിച്ച എസ് ഐ അഭയ് യാദവിന്റെ മൃതദേഹമാണോ ഇതെന്ന് സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം തിരിച്ചറിയാനും ഇതുവരെ കഴിഞ്ഞിട്ടില്ല.
മൃതദേഹത്തില്‍ നിന്ന് മാവോവാദികളുടേതെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്നന്ന സൂചന. രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരെയും ബിഹാര്‍ മിലിട്ടറി പൊലീസിലെ രണ്ട് പേരെയും ഞായറാഴ്ച ആയിരുന്നു മാവോവാദികള്‍ തട്ടിക്കൊണ്ടു പോയത്.