ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ തല്ലിച്ചതച്ച സംഭവം; ഒൻപതു പേർക്കെതിരെ കേസ്

ബുധന്‍, 31 മെയ് 2017 (09:53 IST)
മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളിയായ വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്. മർദനം, കലാപം അഴിച്ചുവിടുക, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ മനീഷ് കുമാറടക്കം ഒൻപതു പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്.  
 
പ്രതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മർദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മലയാളി വിദ്യാർഥി സൂരജിനെതിരെയും കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയാണു മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക് അക്രമിസംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്. ഇതിൽ മലപ്പുറം സ്വദേശിയും എയ്റോസ്പേസ് പിഎച്ച്ഡി വിദ്യാർഥിയുമായ ആർ.സൂരജിന്‍റെ വലതുകണ്ണിനു ഗുരുതരമായി പരുക്കേറ്റു. 
 
ഓഷ്യന്‍ എൻജിനീയറിങ് വിഭാഗത്തിലെ പിജി വിദ്യാർഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമായിരുന്നു സൂരജിനെ മര്‍ദ്ദിച്ചത്. ക്യാംപസില്‍ ബീഫ് കഴിക്കുന്ന എല്ലാവരെയും കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതായി സൂരജിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അക്രമികൾക്കെതിരെ ക്യാംപസ് അധികൃതർക്കും കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലും വിദ്യാർഥികൾ പരാതി നല്‍കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക