ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ കണക്കുകള്‍ മാറിമറിഞ്ഞപ്പോള്‍ കേവലഭൂരിപക്ഷത്തോടെ നിതീഷ് കടമ്പ കടക്കുകയായിരുന്നു. നരേന്ദ്രമോഡിയ്ക്കെതിരെ ദേശീയ രാഷ്ട്രീയത്തില്‍ സാന്നിധ്യം ഉറപ്പാക്കാന്‍ ഒരുങ്ങുന്ന നിതീഷിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.
243 അംഗ സഭയില്‍ 126 അംഗങ്ങള്‍ ജെഡിയു സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസ് നിതീഷിനെ അനുകൂലിച്ചു. എന്നാല്‍ ബിജെപി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. 24 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ്, സിപിഐ, നാല് സ്വതന്ത്രര്‍ എന്നിവരുടേത് ഉള്‍പ്പെടെയാണ് 126 വോട്ടുകളാണ് സര്‍ക്കാര്‍ നേടിയത്.
മോഡിയെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയതോടെയാണ് ജെഡിയു ബിജെപിയില്‍ നിന്ന് അകന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് പ്രഖ്യാപിക്കണമെന്ന നിതീഷ് കുമാറിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് ജെഡിയു നേതാവ് ശരത് യാദവ് എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. ജെഡിയു എന്‍ഡിഎ വിടുകയാണെന്നും പ്രഖ്യാപിച്ചു. ബിഹാറില്‍ ബിജെപി മന്ത്രിമാരെ നിതീഷ് കുമാര്‍ പുറത്താക്കുകയും ചെയ്തു.