ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാര്‍ അധികാരമേറ്റു; ബിജെപിയുടെ സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രി

Webdunia
വ്യാഴം, 27 ജൂലൈ 2017 (11:01 IST)
ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച വൈകുന്നേരം രാജിവച്ച നിതീഷ് നേരം ഇരുട്ടിവെളുത്തപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി. എൻഡിഎയുടെ പിന്തുണയോടെയാണു ജെ‍ഡിയു നേതാവായ നിതീഷ് സർക്കാർ രൂപീകരിച്ചത്. മുതിർന്ന ബിജെപി നേതാവായ സുശീൽ മോദിയാണ് ഉപമുഖ്യമന്ത്രി. ഗവർണറുടെ ചുമതലയുള്ള കേസരി നാഥ് ത്രിപാഠിയാണ് അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
 
രണ്ട് വര്‍ഷം നീളുന്ന ആര്‍ജെഡി- കോണ്‍ഗ്രസ്- ജെഡിയു എന്നീ പാര്‍ട്ടികളൊരുമിച്ചുള്ള മഹാസഖ്യം തകര്‍ത്താണ് ജെഡിയുവിന്റെ ഈ ചുവടുമാറ്റമെന്നത് ശ്രദ്ധേയമാണ്. ഇത ആറാം തവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയുമായി 2014ല്‍ പിരിഞ്ഞ ജെഡിയു, ബിജെപിയെ തോല്‍പ്പിക്കാനായിരുന്നു ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയത്. അതുവഴി ദേശീയതലത്തിലേക്കും വളര്‍ന്ന കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയുള്ള മഹാസഖ്യമായി മാറാനും കഴിഞ്ഞിരുന്നു. 
 
അതേസമയം, ബിഹാറിൽ സർക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡിക്കു പകരമായി നിതീഷ് കുമാറിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. ഇക്കാര്യത്തിൽ ഗവർണറെ നേരിട്ടുകണ്ടു തേജസ്വി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. പുലർച്ചെ രണ്ടുമണിയോടെയാണ് തേജസ്വിയും പാർട്ടി എംഎൽഎമാരും രാജ്ഭവനിലേക്കു മാർച്ച് നടത്തിയത്. നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും തേജസ്വി വ്യക്തമാക്കി.
Next Article