ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചു

Webdunia
വ്യാഴം, 12 ഡിസം‌ബര്‍ 2013 (09:36 IST)
PTI
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടിയ ബിജെപിയെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ക്ഷണിച്ചു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപവത്കരണവിഷയം ഗവര്‍ണറുമായി ചര്‍ച്ചചെയ്തിരുന്നു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതെന്ന് കരുതുന്നു.

ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായിരുന്ന ഹര്‍ഷവര്‍ധനുമായി ബുധനാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ട ഗവര്‍ണര്‍ വ്യാഴാഴ്ച ചര്‍ച്ചകള്‍ക്കായി എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി വിസമ്മതിച്ചാല്‍ ആം ആദ്മി പാര്‍ട്ടിയെയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചേക്കും.

70 അംഗ സഭയില്‍ ബിജെപിക്ക് 32 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇതിനിടെ, ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രവര്‍ത്തകരോട് വീണ്ടും ആഹ്വാനംചെയ്തു.

ആം ആദ്മി പാര്‍ട്ടിയും തയ്യാറായില്ലെങ്കില്‍ മാത്രമേ രാഷ്ട്രപതിഭരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കൂ. രാഷ്ട്രപതി തീരുമാനം അംഗീകരിച്ചാല്‍ ഡല്‍ഹിയിലെ ഭരണം ഗവര്‍ണര്‍ ഏറ്റെടുക്കും.