ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് തുടങ്ങും

Webdunia
ബുധന്‍, 21 ജനുവരി 2015 (16:01 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യബജറ്റ് സമ്മേളനം അടുത്തമാസം 23ന് ആരംഭിക്കും. ഫെബ്രുവരി 28ന് ആയിരിക്കും ബജറ്റ് അവതരിപ്പിക്കുക. മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ആണ് അവതരിപ്പിക്കുന്നത്.
 
രണ്ടു ഘട്ടമായിട്ടായിരിക്കും ബജറ്റ് സമ്മേളനം നടക്കുക. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 20 വരെ ആദ്യസെഷനും ഏപ്രില്‍ 20 മുതല്‍ മെയ് എട്ടുവരെ രണ്ടാമത്തെ സെഷനും നടക്കും. റയില്‍വേ ബജറ്റ് ഫെബ്രുവരി 26ന് അവതരിപ്പിക്കും.
 
പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യുന്നതോടെ ആയിരിക്കും ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. ഇന്ന് ചേര്‍ന്ന സര്‍ക്കാര്‍ രാഷ്‌ട്രീയകാര്യ സമിതിയിലാണ് തീരുമാനം.
 
മേക്ക് ഇന്‍ ഇന്ത്യ പദ്ധതി തുടങ്ങി മറ്റ് പല സുപ്രധാന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കും. സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിട്ടുള്ള വിവിധ ഓര്‍ഡിനന്‍സുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നേടണമെന്ന കടമ്പയും ബജറ്റ്കാലത്ത് സര്‍ക്കാരിന്റെ മുന്‍പിലുണ്ട്.