ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പാഴാക്കി കളയുന്ന ഭക്ഷണം പാവങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2013 (14:59 IST)
PRO
PRO
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പാഴാക്കി കളയുന്ന ഭക്ഷണം പാവങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബാക്കിവന്ന് ഉപയോഗിക്കാതെ നീക്കി വച്ചിരിക്കുന്ന ഭക്ഷണം പാവങ്ങള്‍ക്കോ ഫുഡ് ബാങ്കുകള്‍ക്കോ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും പരിസ്ഥിതി മന്ത്രാലയം ഹോട്ടലുകളോട് നിര്‍ദ്ദേശിച്ചു.

കൂടാതെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ അനാവശ്യമായി ജലം പാഴാക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എട്ട് മില്യണ്‍ ഗ്യാലണ്‍ വെള്ളമാണ് 200 മുറികളുള്ള ഹോട്ടലുകളില്‍ വര്‍ഷം തോറും ഉപയോഗിക്കുന്നത്. ഈ ദുര്‍വിനിയോഗം തടഞ്ഞാല്‍ 2.5 ഗ്യാലണ്‍ ഗാലണ്‍ വെള്ളം തടയാമെന്നാണ് കരുതുന്നത്.

ഹോട്ടലുകളില്‍ താമസക്കാര്‍ പകുതി ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സോപ്പുകളും ഷാംപൂകളും വിരിപ്പുകളും മറ്റും പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന സോപ്പുകളും നൂറ് ശതമാനം കോട്ടണ്‍ നിര്‍മ്മിതമായ ടവ്വലുകളും കിടക്ക വിരികളും ഉപയോഗിക്കണമെന്നും പറയുന്നു.

ഹോട്ടലുകളില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും പുനര്‍ നിര്‍മാണയോഗ്യമായ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിറ്റുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കിയ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ജയന്തി നടരാജന്‍ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു.